വെഞ്ഞാറമൂട്: ബൈക്കിലെത്തിയ രണ്ടുപേർ, കാൽനടയാത്രക്കാരിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. വാമനപുരം ആനാകുടി പൊയ്കമുക്ക് ലക്ഷ്മി വിളയിൽ പ്രശോഭനയുടെ (54) മാലയാണ് അപഹരിച്ചത്. ബുധനാഴ്ച വൈകിട്ട് 3ന് ആനാകുടി ജംഗ്ഷന് സമീപം വച്ചായിരുന്നു സംഭവം. ആനാകുടി സ്‌കൂളിൽ നടന്ന റീ സർവേയുമായി ബന്ധപ്പെട്ട കാര്യത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു സംഭവം.ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ വീട്ടമ്മയോട് വഴി ചോദിച്ചു. ഇത് പറഞ്ഞ് കൊടുക്കുന്നതിനടയിൽ മാല പൊട്ടിച്ച് ബൈക്ക് അമിത വേഗത്തിൽ ഓടിച്ച് പോവുകയുമായിരുന്നു. വീട്ടമ്മയുടെ ബഹളം കേട്ടെത്തിയ നാട്ടുകാരിൽ ചിലർ ബൈക്കുകളിൽ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. വീട്ടമ്മ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
