മിഷന്‍ ആഗമന്‍ എന്ന പേരില്‍ നടന്ന ഈ വിക്ഷേപണത്തില്‍ റോക്കറ്റിന്റെ നാല് ഘട്ടങ്ങളും ആദ്യ ശ്രമത്തില്‍ തന്നെ കൃത്യമായി പ്രവര്‍ത്തിച്ചു. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിക്കാനും സാധിച്ചു. ഈ വിജയത്തോടെ സ്വന്തം ഓര്‍ബിറ്റല്‍ റോക്കറ്റ് വികസിപ്പിച്ച് വിക്ഷേപിക്കുന്ന സ്വകാര്യ കമ്പനികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടി.
രാജ്യത്തിന്റെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് ഇത് ഒരു നിര്‍ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കൈറൂട്ട് ടീമിനെ ഫോണിലൂടെ അഭിനന്ദിച്ചു. 'നിങ്ങള്‍ ബഹിരാകാശത്ത് ഒരു പുതിയ വൃക്ഷം നട്ടതുപോലെ, രാജ്യത്ത് പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു പുതിയ വേരും ശക്തിപ്പെടുത്തിയിരിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു.
വിക്രം 1ന് ഏകദേശം ഏഴ് നില കെട്ടിടത്തിന്റെ ഉയരമുണ്ട്. കാര്‍ബണ്‍ കോംപോസിറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച മള്‍ട്ടിസ്റ്റേജ് റോക്കറ്റ് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ കഴിയും. സ്‌കൈറൂട്ട് തന്നെ വികസിപ്പിച്ച 3Dപ്രിന്റ് ചെയ്ത റോക്കറ്റ് എഞ്ചിനുകളും ഉയര്‍ന്ന ശേഷിയുള്ള സോളിഡ് റോക്കറ്റ് മോട്ടോറുകളും ഉപയോഗിക്കുന്നു. ഈ ആദ്യ വിക്ഷേപണത്തില്‍ Grahaa Space, Cosmoserve, DCubed എന്നീ സ്ഥാപനങ്ങളുടെയും സ്‌കൈറൂട്ടിന്റെ SCOPE പരീക്ഷണത്തിന്റെയും സാങ്കേതിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി. ഈ ദൗത്യത്തില്‍ നിന്ന് ലഭിക്കുന്ന സാങ്കേതിക വിവരങ്ങള്‍ ഉപയോഗിച്ച് വിക്രം റോക്കറ്റ് ശ്രേണി കൂടുതല്‍ മെച്ചപ്പെടുത്താനും സ്ഥിരമായ വാണിജ്യ ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ ആരംഭിക്കാനും സ്‌കൈറൂട്ട് ലക്ഷ്യമിടുന്നു.
2018ല്‍ മുന്‍ ISRO ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭരത് ഡാകയും ചേര്‍ന്നാണ് സ്‌കൈറൂട്ട് എയറോസ്പേസ് സ്ഥാപിച്ചത്. 2022ല്‍ വിക്രംഎസ് (VikramS) എന്ന സ്വകാര്യ റോക്കറ്റിലൂടെ ബഹിരാകാശത്ത് എത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും സ്‌കൈറൂട്ട് സ്വന്തമാക്കിയിരുന്നു. ഈ വിജയത്തോടെ ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് ആഗോള തലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.
#LatestNews #Vikram1 #ISRO
