വർക്കലയിൽ വിനോദസഞ്ചാരികൾക്ക് നേരെ നഗ്നത പ്രദർശനം. സ്വകാര്യ റിസോർട്ട് ജീവനക്കാരനെ ടൂറിസം പോലീസ് അറസ്റ്റ് ചെയ്തു

വർക്കലയിൽ വിനോദസഞ്ചാരികളായ ഹൈദ്രാബാദ് സ്വദേശികളായ സ്ത്രികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ ടൂറിസം പോലീസ് അറസ്റ്റ് ചെയ്തു. വർക്കല പാലച്ചിറ സ്വദേശി മുപ്പത്തിയൊൻപതുകാരൻ വിനീതാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

​വർക്കല ആലിയിറക്കം ബീച്ചിന് സമീപം വച്ചാണ് യുവതികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയത്.
ആലിയിറക്കം ബീച്ച് സന്ദർശിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികളായ യുവതികളെ പ്രതിയായ വിനീത് തടഞ്ഞുനിർത്തുകയും, തുടർന്ന് ഇവർക്ക് മുന്നിൽ വച്ച് നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നു. പെട്ടെന്നുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ സഞ്ചാരികൾ ഉടൻ തന്നെ വിവരം ടൂറിസം പോലീസിനെ അറിയിക്കുകയായിരുന്നു.
 ടൂറിസം പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വർക്കലയിലെ ഒരു സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു പിടിയിലായ വിനീത്.

​കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുമ്പോഴാണ്, ടൂറിസം മേഖലയിൽ തന്നെ ജോലി ചെയ്യുന്ന ഒരാളിൽ നിന്ന് ഇത്തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായിരിക്കുന്നത്. ടൂറിസം പോലീസിന്റെ സമയബന്ധിതമായ ഇടപെടൽ മൂലം പ്രതിക്ക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പോലീസ് അറിയിച്ചു.