*ഷിഗെല്ലയെ കരുതിയിരിക്കാം; രോഗ ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍*

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുകയാണ്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്താണ് മൂന്ന് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊല്ലത്ത് രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചു. വയനാട്ടില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ. നേരത്തെ, കോഴിക്കോട്u കുറ്റിക്കാട്ടൂരിലെ മൂന്നര വയസുകാരിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വിവിധ ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ കാര്യമായ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണിത്. എന്താണ് ഷിഗെല്ല രോഗമെന്നും എങ്ങനെയാണ് പകരുന്നതെന്നും മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.

*എന്താണ് ഷിഗെല്ല?*

ഷിഗെല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് എന്ന് വിളിക്കുന്ന രോഗാണുബാധക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്.

*രോഗ ലക്ഷണങ്ങള്‍:*

ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.

*മുന്‍കരുതലുകള്‍:*

പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ച ശല്യം ഒഴിവാക്കുക.

ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങള്‍ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കാതിരിക്കുക. വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യണം. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. രോഗ ലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.