ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ

തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്താക്കപ്പെട്ട താത്കാലിക ഡ്രൈവർ എൽ.എച്ച്. യദുവിന് പുതിയ ജോലി ലഭിച്ചു. കേരള നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് യദുവിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്നോ അല്ലെങ്കിൽ ജോലിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് നൽകണമെന്നോ ആവശ്യപ്പെട്ട് യദു മുൻ സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമന ഉത്തരവ് വന്നിരിക്കുന്നത്.

മുൻ മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു തിരുവനന്തപുരം പാളയത്തുവെച്ച് മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ പരസ്യമായി ഏറ്റുമുട്ടിയത്. പ്ലാമൂട് വെച്ച് യദു ഓടിച്ചിരുന്ന ബസ് മേയറുടെ കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും, തങ്ങളെ നോക്കി അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ചാണ് ആര്യ രാജേന്ദ്രൻ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ യദുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കെ.എസ്.ആർ.ടി.സി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയുമായിരുന്നു.

തുടർന്ന് മേയറും ഭർത്താവും തനിക്കെതിരെ വധശ്രമം നടത്തിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് യദു പോലീസിനെ സമീപിച്ചെങ്കിലും ആദ്യം കേസെടുക്കാൻ പോലീസ് വിസമ്മതിച്ചിരുന്നു. പിന്നീട് യദു കോടതിയെ സമീപിച്ചതോടെയാണ് കോടതി ഉത്തരവ് പ്രകാരം മേയർക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തത്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവങ്ങൾക്കൊടുവിലാണ് യദുവിന് ഇപ്പോൾ നിയമസഭയിൽ പുതിയ ജോലി ലഭിച്ചിരിക്കുന്നത്.