*വളർത്തുപട്ടിയെ അപ്പാടെ വിഴുങ്ങി ; ഒന്ന് അനങ്ങാൻ പോലും വയ്യാത്ത അവസ്ഥ; കിളിമാനൂരിൽ കൂറ്റൻ പെരുമ്പാമ്പ് കമ്പിവേലിയിൽ കുടുങ്ങി; ഒടുവിൽ വനംവകുപ്പിന്റെ വരവിൽ രക്ഷ.*

 വളർത്തുപട്ടിയെ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച കൂറ്റൻ പെരുമ്പാമ്പ് ജനവാസ മേഖലയിലെ കമ്പിവേലിയിൽ കുടുങ്ങി. കിളിമാനൂർ പഴയകുന്നുമ്മേലിലാണ് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ഈ സംഭവം നടന്നത്. ഏകദേശം ഒൻപതടിയോളം നീളവും 20 കിലോയോളം ഭാരവുമുള്ള ഒരു ഭീമൻ പെരുമ്പാമ്പാണ് പ്രദേശവാസിയായ ഒരാളുടെ പുരയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയത്.

കമ്പിവേലിയിൽ എന്തോ കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അടുത്തു ചെന്ന് നോക്കിയപ്പോഴാണ് വലിപ്പമേറിയ പെരുമ്പാമ്പിനെ കണ്ടത്. ഒരു വളർത്തുപട്ടിയെ പൂർണ്ണമായും വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. വലിയ ഇരയെ വിഴുങ്ങിയതിനാൽ ശരീരത്തിന്റെ വലിപ്പം കൂടിയതു കാരണം പാമ്പിന് വേലിയിലെ കമ്പികൾക്കിടയിലൂടെ മുന്നോട്ടും പിന്നോട്ടും നീങ്ങാൻ കഴിയാതെ വരികയായിരുന്നു. സ്വയം രക്ഷപ്പെടാൻ പാമ്പ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.


തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പ്രശസ്ത പാമ്പ് പിടുത്തക്കാരനായ രാജേഷ് തിരുവാമനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അദ്ദേഹം അതീവ ശ്രദ്ധയോടെയും ഏറെ പ്രയത്നത്തിനൊടുവിലും പെരുമ്പാമ്പിനെ കമ്പിവേലിയിൽ നിന്നും പരിക്കുകൾ ഒന്നും കൂടാതെ സുരക്ഷിതമായി പിടികൂടി. വലിയ ഇരയെ വിഴുങ്ങിയതിനാൽ പാമ്പ് ഒട്ടും അക്രമാസക്തമായിരുന്നില്ല.

പാമ്പിനെ ചാക്കിലാക്കിയ ശേഷം രാജേഷ് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ ഏറ്റുവാങ്ങുകയും ചെയ്തു. ജനവാസ മേഖലയിൽ പെരുമ്പാമ്പിനെ കണ്ടതിന്റെ ഭീതിയിലാണ് ഇപ്പോഴും നാട്ടുകാർ.