ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന.

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന. ഐസ്ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. പേശിയിലെ അസ്വസ്ഥതകള്‍ മാറി പകരക്കാരനായി കളത്തിലിറങ്ങിയ ശേഷം മിനിട്ടുകള്‍ക്കകം തന്നെ മെസ്സി ഗോള്‍ കണ്ടെത്തി. 

കളി തുടങ്ങി എട്ടാം മിനിറ്റില്‍ എസെക്വല്‍ ബാര്‍കോയിലൂടെയാണ് അര്‍ജന്റീന സ്‌കോറിങ് തുടങ്ങിയത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കോച്ച് ലയണല്‍ സ്‌കലോണി മെസിയെ പകരക്കാരനായി ഗ്രൗണ്ടിലിറക്കിയത്. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസി അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി. കരിയറിലെ 911-ാമത്തെയും അര്‍ജന്റീനയ്ക്കായുള്ള 117-ാമത്തെയും ഗോളാണ് മെസി കുറിച്ചത്. പിന്നാലെ തിയാഗോ അല്‍മാഡ കൂടി വലകുലുക്കിയതോടെ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം പൂര്‍ത്തിയായി.

അമേരിക്കയിലെ അലബാമയിലുള്ള ജോര്‍ദാന്‍-ഹെയര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസിയെ ഒരുനോക്ക് കാണാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇടത് കാലിലെ പേശിവലിവിനെത്തുടര്‍ന്ന് ഇന്റര്‍ മയാമിയുടെ അവസാന മത്സരത്തില്‍ നിന്നും മെസിക്ക് 73-ാം മിനിറ്റില്‍ പിന്മാറേണ്ടി വന്നിരുന്നു. 

തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് മെസി ദേശീയ ടീമിന്റെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഹോണ്ടുറാസിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല.താരങ്ങളുടെ ഫിറ്റ്നസിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പരിക്കുകള്‍ ഒഴിവാക്കാന്‍ കളിക്കാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കുമെന്നും കോച്ച് സ്‌കലോണി വ്യക്തമാക്കിയിരുന്നു.