തിരുവനന്തപുരം..കള്ളന്മാർക്കിടയിലും ഇപ്പോൾ കടുത്ത പ്രൊഫഷണലിസമാണെന്നാണ് കണിയാപുരത്തു നടന്ന മോഷണം രീതി സൂചിപ്പിക്കുന്നത്. കണിയാപുരം നമ്പ്യാർകുളം 'സാഫല്യ'ത്തിൽ താഹിറിന്റെ വീട്ടിൽ കയറിയ കള്ളനാണ് കവർച്ചാരംഗത്ത് തന്റെ 'സ്വർണ്ണ തിളക്കമുള്ള' വിവേചനബുദ്ധി തെളിയിച്ചത്. വീട്ടുകാർ ഇല്ലാത്ത സമയം നോക്കി അകത്തുകയറി 12 പവൻ സ്വർണം കവർന്ന കള്ളൻ വീട്ടിലിരുന്ന ഇമിറ്റേഷൻ (മുക്കുപണ്ടം) ആഭരണങ്ങൾ കണ്ട ഭാവം പോലും നടിച്ചില്ല.അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട കൂട്ടത്തിലാണ് ഇമിറ്റേഷൻ ആഭരണങ്ങൾ അടങ്ങിയ ബോക്സ് കള്ളന്റെ കൈയിൽ പെടുന്നത്. ബോക്സ് തുറന്ന് സൂക്ഷ്മമായി പരിശോധിച്ച കള്ളൻ ഇത് തനി തങ്കമല്ല എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞ് അത് അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ തൊട്ട് എന്റെ പ്രൊഫഷന്റെ അന്തസ്സ് കളയില്ല" എന്ന ഭാവത്തിലായിരുന്നു കള്ളന്റെ പിന്മാറ്റം. യഥാർത്ഥ സ്വർണം മാത്രം കൃത്യമായി തിരിച്ചറിഞ്ഞ് എടുത്ത കള്ളന്റെ ഈ 'സ്വർണ്ണ പരിശോധന മികവ് കണ്ട് പൊലീസുകാർ പോലും മൂക്കത്ത് വിരൽ വെക്കുകയാണ്. എന്തായാലും കള്ളൻ സ്വർണം തിരിച്ചറിയാൻ ഉപയോഗിച്ച വിദ്യ എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിരലടയാള വിദഗ്ധരും മംഗലപുരം പൊലീസും. വാതിൽ തകർക്കാൻ വീട്ടിൽ നിന്ന് തന്നെ വെട്ടുകത്തി സംഘടിപ്പിച്ച കള്ളൻ പോകുമ്പോൾ അത് തിരികെ വെക്കാൻ മറന്നതുപോലെ ഈ മുക്കുപണ്ടവും മറന്നതാണോ അതോ വീട്ടുകാരോട് കാണിച്ച ലേശം ദയ ആണോ എന്നാണ് നാട്ടുകാരുടെ സംശയം.
