സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി. നാളെ പുലര്‍ച്ചെ 5.30 വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ ഇന്‍കോയിസ് (INCOIS) പുറത്തിറക്കിയ അറിയിപ്പില്‍, കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുന്നു. അനാവശ്യമായി കടലില്‍ ഇറങ്ങുന്നതും തീരപ്രദേശങ്ങളില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ എത്തുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

#rain #kerala #LatestNews