തിരുവനന്തപുരം: കടയ്ക്കാവൂര്‍ ബൈക്ക് മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. മണമ്പൂര്‍ സ്വദേശി സുല്‍ഫിക്കറിനെയാണ് കടയ്ക്കാവൂര്‍ പൊലീസ് പിടികൂടിയത്. പെരിങ്കളത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതി പൊലീസിനെ വെട്ടിച്ച് ഓടാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ കടയ്ക്കാവൂര്‍, കല്ലമ്പലം ഉള്‍പ്പെടെയുളള സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. വിവിധ മോഷണക്കേസുകളിലായി മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് സുല്‍ഫിക്കറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 25-നാണ് മണമ്പൂര്‍ ക്ഷേത്ര റോഡിന് സമീപത്ത് നിന്ന് സുല്‍ഫിക്കര്‍ ബൈക്ക് മോഷ്ടിച്ചത്. റോഡരികിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടിച്ചത്.