*ഷിഗെല്ല; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു*

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഏഴു വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി ആര്‍ജവ് ആണ് മരിച്ചത്. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആര്‍ജവ്.

ഇന്നലെ രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപതു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒൻപതു വയസുകാരൻ ആശുപത്രി വിട്ടു.

ഇതോടെ സംസ്ഥാനത്ത് ജൂൺ മാസത്തിൽ രോഗം ബാധിച്ചവർ 61 ആയി. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടിയിലെ ഇളനീർ പാർലർ ഇന്നലെ അടപ്പിച്ചിരുന്നു.