ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയും മലയാളിയാണെന്ന് സൂചന

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. 
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെയുണ്ടായ തർക്കത്തെയും വെല്ലുവിളിയെയും തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ മുഖ്യപ്രതിയടക്കം നാല് പേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷാർജ അൽ നഹ്‌ദയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. ടിക് ടോക്കിലെ വെല്ലുവിളികൾക്ക് പിന്നാലെ പ്രതിയെ നേരിൽ കാണാനായി ഇസ്മായിൽ ഇവിടെയെത്തുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിൽ പൊതുസ്ഥലത്തു വെച്ച് രൂക്ഷമായ തർക്കമുണ്ടാകുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇസ്മായിൽ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വർഷങ്ങളായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു ഇസ്മായിൽ. ഇദ്ദേഹത്തിന്റെ സഹോദരൻ ജുബൈറും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇസ്മായിലിന്റെ ഭാര്യയും മക്കളും നാട്ടിലാണ്.
ഷാർജയിലെ ബുഹൈറ പൊലീസാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത്. നിലവിൽ അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.