​ചടയമംഗലം ഇളമാട് ഭരണിക്കാവ് ദേവി ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും നിർത്തിയിട്ടിരുന്ന വാഹനത്തിലും ഇടിച്ച് വീട്ടമ്മ മരിച്ചു.

ചടയമംഗലം: ഇളമാട് ഭരണിക്കാവ് ദേവി ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും നിർത്തിയിട്ടിരുന്ന വാഹനത്തിലും ഇടിച്ച് വീട്ടമ്മ മരിച്ചു. ഇളമാട് ആക്കാപൊയ്കയിൽ വീട്ടിൽ പങ്കജാക്ഷി (72) ആണ് മരിച്ചത്.
​ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ആയൂർ ഭാഗത്ത് നിന്ന് ഇളമാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു.
​അപകടത്തിൽ സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന പങ്കജാക്ഷി കാറിനടിയിൽപ്പെട്ടാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ മഹേഷിന് നിസാര പരിക്കുകളാണുള്ളത്. ഇദ്ദേഹത്തെ ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​അപകടത്തിന് ശേഷം കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.