‘ആ തോൽവി ഇപ്പോഴും വേട്ടയാടുന്നു, 2022-ലെ ഫൈനൽ ഞാൻ ഇതുവരെ വീണ്ടും കണ്ടിട്ടില്ല’; ലോകകപ്പിനിറങ്ങും മുമ്പ് മനസ്സ് തുറന്ന് എംബാപ്പെ

ഫിഫ ലോകകപ്പിൽ കിരീടം തിരിച്ചുപിടിക്കാനുറച്ച് ഫ്രാൻസ് ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് ‘ഐ’-യിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലാണ് ഫ്രാൻസിന്റെ എതിരാളികൾ. ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്. അമേരിക്കൻ മണ്ണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുമ്പായി, നാല് വർഷം മുൻപ് ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി ഇപ്പോഴും തന്റെ ഉറക്കം കെടുത്തുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ. കരിയറിലെ ഏറ്റവും വലിയ മുറിവായി ആ തോൽവി അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് മാധ്യമമായ ‘ലെ പാരീസിയന്’ നൽകിയ അഭിമുഖത്തിലാണ് എംബാപ്പെ മനസ്സ് തുറന്നത്. സഹതാരം ഇബ്രാഹിമ കൊനാറ്റെയാണ് 2018, 2022 ലോകകപ്പ് ഫൈനലുകളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. 2018-ൽ കിരീടം നേടിയതിനേക്കാൾ താൻ കൂടുതലായി ഓർക്കുന്നത് 2022-ൽ പരാജയപ്പെട്ട ഫൈനലാണെന്ന് എംബാപ്പെ വ്യക്തമാക്കി. വിജയത്തിന്റെ ചരിത്രം മാറ്റിയെഴുതേണ്ടതില്ലെന്നും, കിരീടം നേടുക എന്നത് വിസ്മയകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാല് വർഷം എന്നത് വലിയൊരു സമയമാണ്. അതിനിടയിൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. അത്രയേറെ കഠിനമായി പ്രയത്നിച്ചിട്ടും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കേണ്ടി വന്നത് കടുത്ത നിരാശയാണ് നൽകിയത്. പെനാൽറ്റി എന്നത് വെറുമൊരു ഭാഗ്യമോ ലോട്ടറിയോ അല്ലെന്നും അതൊരു സാങ്കേതിക തീരുമാനമാണെന്നും പറഞ്ഞ എംബാപ്പെ, ഒരു ലോകകപ്പ് ഫൈനലിൽ തോൽക്കാൻ ഇതിലും കഠിനമായ മറ്റൊരു വഴിയില്ലെന്നും കൂട്ടിച്ചേർത്തു.

ആ തോൽവി നൽകിയ മാനസിക വിഷമം കാരണം 2022-ലെ ഇതിഹാസ ഫൈനൽ മത്സരം താൻ ഇതുവരെ മുഴുവനായി വീണ്ടും കണ്ടിട്ടില്ലെന്നും, അത് പഴയ മുറിവുകൾ വീണ്ടും ഓർമ്മിപ്പിക്കുമെന്നും താരം വെളിപ്പെടുത്തി. റഷ്യയിൽ 2018-ൽ കിരീടം ചൂടിയ ഫ്രാൻസിന്, ഖത്തറിൽ ഇറ്റലിക്കും ബ്രസീലിനും ശേഷം തുടർച്ചയായി രണ്ട് തവണ ലോകകപ്പ് നേടുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്രനേട്ടത്തിലേക്ക് വെറും ഒരൊറ്റ ജയം മാത്രമായിരുന്നു വേണ്ടിയിരുന്നത്. അന്ന് നിശ്ചിത സമയത്തും അധിക സമയത്തും 3-3 എന്ന സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഫ്രാൻസിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് എംബാപ്പെയായിരുന്നു. ഫൈനലിൽ തകർപ്പൻ ഹാട്രിക് നേടുകയും ടൂർണമെന്റിലെ ടോപ്പ് സ്കോറർ ആകുകയും ചെയ്തിട്ടും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കിരീടം നഷ്ടമായി. അന്ന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ലോകകിരീടം തിരികെ പിടിക്കാനുള്ള വാശിയിലാണ് ഫ്രഞ്ച് പട ഇത്തവണ ഇറങ്ങുന്നത്. സെനഗലുമായുള്ള ഇന്നത്തെ ആദ്യ മത്സരത്തിന് ശേഷം, ജൂൺ 22-ന് ഇറാഖിനെയും 26-ന് നോർവെയെയുമാണ് ഫ്രാൻസ് നേരിടുക.