തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രാത്രി സ്ത്രീയെ കാറിനുള്ളില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. കരിമഠം സ്വദേശിയായ ബിജു ആണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കരിമഠം സ്വദേശിനിയ്ക്ക് നേരെയാണ് പാപനംകോട് പാറയില്‍ക്കടവ് റോഡില്‍ വച്ച് ആക്രമണമുണ്ടായത്. കിള്ളിപ്പാലത്തു നിന്നും ഇവരെ ബലമായി കാറില്‍ കയറ്റി തമലം ഭാഗത്തേയ്ക്ക് പോകുന്ന പാറയില്‍ക്കടവ് റോഡിലെത്തിച്ച ശേഷമാണ് കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചത്. 
കാറില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ യുവതി റോഡില്‍ വീണു. ഇതിനിടയില്‍ ബിജു കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും കരുമം ഭാഗത്ത് വെച്ച് നാട്ടുകാര്‍ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടര്‍ന്ന് കരമന പൊലീസ് കേസെടുത്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നാണ് പ്രാഥമിക വിവരം. പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.