കോടി പ്രതീക്ഷകളും അതിലേറെ സ്വപ്നങ്ങളുമായി ഇതാ ബ്രസീല്‍ ഇറങ്ങുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ സംഘങ്ങളിലൊന്ന് കളത്തിലിറങ്ങുമ്പോള്‍ ഇത്തവണ തെളിയിക്കാന്‍ ഏറെയുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കേട്ട പരിഹാസങ്ങള്‍ കഴുകിക്കളയണം.2002 ന് ശേഷം വഴിതെറ്റിപ്പോയ വിജയസ്വപ്നങ്ങള്‍ തിരികെപ്പിടിക്കണം. പ്രതിഭകള്‍ നിറഞ്ഞ സംഘത്തെ കാര്‍ലോ ആന്‍സലോട്ടിയെന്ന ഇതിഹാസ പരിശീലകന്‍ പ്രതാപക കാലത്തിലേക്ക് കൈ പിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടാണ് ഇത്തവണ കാനറികള്‍ ലോകപ്പിലേക്ക് ടിക്കറ്റുപ്പിക്കുന്നത്. യോഗ്യത റൗണ്ടില്‍ ഇക്വഡോറിന് പോലും പുറകില്‍ അഞ്ചാമതായിരുന്നു ഇടം.ഒരു ഘട്ടത്തില്‍ യോഗ്യത കിട്ടുമോയെന്ന് പോലും ആരാധകര്‍ ഭയന്ന കാലം.
എന്നാല്‍ ആന്‍സലോട്ടിയെന്ന മാനേജറെത്തിയതോടെ കാനറിപ്പട മെല്ലെ കളം പിടിച്ചു തുടങ്ങി. നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം ടീമിലും ആരാധകരിലും തിരികെ വന്നുകഴിഞ്ഞിരിക്കുന്നു. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മല്‍സരങ്ങളിലും മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരം നെയ്മര്‍ക്ക് പരുക്കേറ്റെങ്കിലും അതവരുടെ കരുത്തിനെ ചോര്‍ത്തുന്നില്ല. 4-2-3-1, അല്ലെങ്കില്‍ 4-3-3 ശൈലിയിലാകും ആന്‍സെലോട്ടി ടീമിനെ കളത്തിലിറക്കുക. പരുക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ നെയമര്‍ കളിക്കുന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. റഫീഞ്ഞയെ മുന്‍ നിര്‍ത്തി വനീഷ്യസിനെയും മാത്യൂസ് കുന്‍ഹയെയും വിംഗുകളിലൂടെ പറത്തുന്ന അറ്റാക്കിംഗ് ശൈലിയിലായിരിക്കും ടീമെത്തുക. ഏത് അവസരവും മുതലാക്കുന്ന മാര്‍ട്ടിനെല്ലിയും, എന്‍ഡ്രിക്കും തിയാഗോയും പരിശീകന്‍റെ തുറുപ്പു ചീട്ടുകള്‍ തന്നെ.മധ്യനിരയില്‍ പരിചയ സമ്പന്നരായ കാസിമിറോയും പക്വേറ്റയും കളിമെനയും. ഗോള്‍ വലക്ക് താഴെ ആദ്യ പരിഗണന അലിസണ് തന്നെയാകും.
മറുവശത്ത് കഠിനാധ്വാനികളുടെ സംഘമാണ് മൊറോക്കോ. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ സെമിയില്‍ കടന്ന് ഞെട്ടിച്ചവരാണവര്‍. ആക്രമണവും പ്രതിരോധവും ഒരുപോലെ കടുപ്പം . അഷ്റഫ് ഹക്കീമിയും, ബ്രാഹിം ഡയസും അയ്യൂബ് ബുവാദിയുമൊക്കെ മഞ്ഞപ്പടയെ വിറപ്പിക്കാന്‍ ശേഷിയുള്ളവരാണ്. 2023 ല്‍ ബ്രസീലിനെ 2-1 ന് തോല്‍പ്പിച്ചതിന്‍റെ സമീപകാല ചരിത്രവും അവര്‍ക്കുണ്ട്. പ്രാഥമിക റൗണ്ടിലെ ഏറ്റവും ഹൈ വോള്‍ട്ടേജ് പോരാട്ടങ്ങളിലൊന്നിനാകും നാളെ പുലര്‍ച്ചയില്‍ ഫട്ബോള്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോവുക. ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിജയത്തോടെ തുടങ്ങുന്ന കാനറികളെ കാണാന്‍. നാളെ രാവിലെ 3.30 നു ന്യൂ യോർക്ക് ന്യൂ ജേർസി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
