വർക്കല ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെ ഉണ്ടായ നിസാര തർക്കം ആക്രമണത്തിൽ കലാശിച്ചു.

വർക്കല.ശിവഗിരി തൊടുവേ പനവിള പുത്തൻവീട്ടിൽ സന്തോഷിന് തലയ്ക്ക് പരിക്കേറ്റു. 

സംഭവത്തിൽ പുന്നമൂട് സ്വദേശികളായ വാറുവിള വീട്ടിൽ വിനീഷ് (37), വൃന്ദാവനം വീട്ടിൽ രാജേഷ് (45), തുണ്ടുള്ള വീട്ടിൽ അർഷാദ് (52), പി.വി.പി. മന്ദിരത്തിൽ ശ്യാംജിത്ത് (33) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ പുന്നമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ ചായക്കടയിലാണ് സംഭവം. ചായക്കടയിൽ നിന്ന് പലഹാരം എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന അർഷാദ്, രാജേഷ് എന്നിവരോട് മാറിനിൽക്കാമോയെന്ന് സന്തോഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഇടയാക്കിയത് . തുടർന്ന് പ്രതികൾ നാലുപേരും കൂടി സന്തോഷിനെ മർദ്ദിച്ചു. ഒന്നാം പ്രതി വിനീഷ് കമ്പി കൊണ്ട് തലക്ക് അടിച്ചതായും നാലുപേരും ചേർന്ന് നിലത്തിട്ട് മർദിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പരിക്കേറ്റ സന്തോഷിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ മുറിവിൽ 10 സ്റ്റിച്ചുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.