കൊല്ലം നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന വയോധികനെ ക്രൂരമായി അടിച്ചുകൊന്ന കേസിൽ പ്രതി പിടിയിൽ.

കൊല്ലം : കൊല്ലം നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന വയോധികനെ ക്രൂരമായി അടിച്ചുകൊന്ന കേസിൽ പ്രതി ഒടുവിൽ പിടിയിൽ. തമിഴ്‌നാട് തക്കല സ്വദേശി വിജു സുരേഷ് ആണ് പോലീസ് വലയിലായത്. തമിഴ്‌നാട്ടിലെ വാൽപാറയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊല്ലം സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം സാഹസികമായാണ് പിടികൂടിയത്. നഗരത്തിലെ ഈ കൊലപാതകത്തിൽ പ്രതി ഒരു 'സീരിയൽ കില്ലർ' (പരമ്പര കൊലയാളി) ആണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

കഴിഞ്ഞ മേയ് 25-നാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് വെറും 100 മീറ്റർ മാത്രം അകലെ മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രൻ എന്ന വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുന്നത്. കമ്മീഷണർ ഓഫീസിന് തൊട്ടടുത്ത് നടന്ന ഈ കൊലപാതകം പോലീസിന് വലിയ രീതിയിൽ തലവേദന സൃഷ്ടിച്ചിരുന്നു. പ്രതി തമിഴ്‌നാട് സ്വദേശിയാണെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ കേരള പോലീസ് സംഘം ഊർജ്ജിത പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ വാൽപാറയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഏപ്രിൽ 19-ന് പാരിപ്പള്ളിയിൽ നടന്ന മറ്റൊരു വയോധികന്റെ കൊലപാതകവും ഇതേ രീതിയിലായിരുന്നതിനാൽ, ആ കൊലപാതകത്തിന് പിന്നിലും വിജു സുരേഷ് തന്നെയാണോ എന്ന ശക്തമായ സംശയം പോലീസിനുണ്ട്. നിലവിൽ നഗരമധ്യത്തിലെ കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ കൊല്ലത്ത് എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ പാരിപ്പള്ളി കേസിലെ പങ്കിനെക്കുറിച്ചും കൊലപാതകങ്ങൾക്ക് പിന്നിലെ കൃത്യമായ കാരണങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.