സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു.

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യകേരളത്തിലും വടക്കന്‍ മലബാറിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം, പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. മലയോര-തീരദേശ മേഖലകളിലുള്ളവര്‍ ജില്ലാ ഭരണകൂടങ്ങളുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, തിരുവനന്തപുരം പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നാല് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഇതോടെ ആകെ 40 സെന്റീമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.