വിഴിഞ്ഞം ∙ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനവുമായി വിഴിഞ്ഞം പൊലീസ്. ശനി രാവിലെ 9 മുതൽ 11 വരെയും ഞായർ വൈകിട്ട് 3 മുതൽ 5 വരെയും സ്റ്റേഷനു മുകളിലെ ഹാളിലാണ് പരിശീലനം. ഇരുപതോളം ഉദ്യോഗാർഥികളാണ് പരിശീലനത്തിനെത്തുന്നത്. എസ്എച്ച്ഒ വി.ഡി.റെജിരാജും റിട്ട.കോളജ്–സ്കൂൾ അധ്യാപകരും, വിവിധ വകുപ്പുകളിൽ നിന്നു വിരമിച്ചവരും അടക്കം 27 പേരാണ് പരിശീലകർ. പരീക്ഷാ പരിശീലനത്തിനൊപ്പം റിട്ട.എസ്.പി.ടി.രാമചന്ദ്രന്റെ മോട്ടിവേഷൻ ക്ലാസുകളുമുണ്ട്. മുൻ എസ്എച്ച്ഒ ആർ.പ്രകാശ് മുൻകയ്യെടുത്താണ് പുതിയ ഉദ്യമത്തിനു തുടക്കമിട്ടത്. റിട്ട.എസ്ഐ എ.ജോൺ ബ്രിട്ടോയ്ക്കാണ് പരിശീലന ക്ലാസുകളുടെ നടത്തിപ്പു ചുമതല. സൗജന്യ കൗൺസിലിങ്ങും നൽകുന്നുണ്ട്.
