ഫ്ലാറ്റിൽ നിന്ന് മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള എഴുപതോളം കഞ്ചാവ് ചെടികളാണ് പൊലീസ് പിടിച്ചെടുത്തത്. വിപണിയിൽ നിന്ന് വാങ്ങിയ പ്രത്യേക ചെടിച്ചട്ടികളിലും മുട്ട സൂക്ഷിക്കുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായി കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമാണ് ഇവ വളർത്തിയിരുന്നത്. പകൽ മുഴുവൻ പ്രൊഫഷണൽ രീതിയിൽ ഐടി ജീവനക്കാരനായി ജോലി ചെയ്യുന്ന വിശാൽ, രാത്രിയിലാണ് ഫ്ലാറ്റിലെത്തി കഞ്ചാവ് ചെടികളെ പരിപാലിച്ചിരുന്നത്. കഞ്ചാവ് ചെടികൾക്ക് കെമിക്കലുകളോ രാസവളങ്ങളോ നൽകാറില്ലെന്നും പൂർണ്ണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പൂർണ്ണമായും സ്വന്തം ലഹരി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഫ്ലാറ്റിൽ തോട്ടമൊരുക്കിയത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുക, ഇലകൾ ഉപയോഗിച്ച് ചമ്മന്തി (ചട്നി) അരച്ച് കഴിക്കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ഉപയോഗ രീതികൾ. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ഒരു ഐടി പ്രൊഫഷണൽ ഫ്ലാറ്റിനുള്ളിൽ ഇത്തരത്തിൽ കഞ്ചാവ് കൃഷി ചെയ്തത് പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.
