പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 
ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1977 ൽ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായും ഭാരതിരാജ വേഷമിട്ടിരുന്നു. 2020 ൽ സംവിധാനം ചെയ്ത 'മീണ്ടും ഒരു മര്യാദൈ' എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു . വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു . മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. 

16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ തമിഴ് സിനിമയുടെ തലവര മാറ്റിയ നിരവധി ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. സിനിമ പഠിക്കാനുള്ള യാത്രയിൽ മലയാളി സംവിധായകരായ എം കൃഷ്ണൻ നായർ , കെ എസ്‌ സേതുമാധവൻ എന്നിവരുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട് .

ആറ് തവണ ദേശീയ പുരസ്കാരം നേടിയ ഭാരതിരാജയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 

തമിഴ്സിനിമയുടെ ദിശ മാറ്റിമറിച്ച "പതിനാറ് വയതിനിലെ" എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

കന്നിസംരംഭത്തിന് ബാല്യകാലസുഹൃത്ത് ഇളയരാജതന്നെ സംഗീത സംവിധായകനായി . ചിത്രത്തിലെ നായകനായ കമൽഹാസന്‌ മുപ്പതിനായിരമാണ് ശമ്പളം. നായിക ശ്രീദേവിക്ക് എണ്ണായിരം. വില്ലൻ വേഷത്തിലെത്തിയ സാക്ഷാൽ രജനീകാന്തിന് മൂവായിരം. 1977-ൽ അഞ്ചുലക്ഷം രൂപയ്ക്ക് നിർമിച്ച പതിനാറു വയതിനിലെ ഒരുവർഷതിലധികം തിയേറ്ററിൽ ഓടി ചരിത്രം സൃഷ്ടിച്ചു . നടീനടന്മാരുടെ താരമൂല്യത്തിൽ കേന്ദ്രീകരിച്ചുനിന്ന തമിഴ് സിനിമാലോകം അതോടെ സംവിധായകന്റെ മികവിലേക്ക് ഉറ്റുനോക്കാൻ തുടങ്ങി. സംവിധായകൻ എന്ന താരത്തെ പിൻപറ്റി തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽനിന്ന്‌ സംവിധാനസ്വപ്നങ്ങളുമായി ചെറുപ്പക്കാർ മദിരാശിക്ക് വണ്ടികയറാൻ തുടങ്ങി. തമിഴ്‌ സിനിമയിൽ നവസിനിമകളുടെ ഭാവുകത്വത്തിന്റെയും ദിശയുടെയും പുതിയപാത തുറക്കപ്പെട്ടു. അതിനാൽ ഭാരതിരാജയ്ക്കുമുമ്പും പിമ്പും എന്ന് തമിഴ് സിനിമയെ ചലച്ചിത്രാസ്വാദകർ തരം തിരിക്കുന്നു .

മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായും ഭാരതിരാജ വേഷമിട്ടിരുന്നു. 2020 ൽ സംവിധാനം ചെയ്ത 'മീണ്ടും ഒരു മര്യാദൈ' എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

ഭാര്യ: ചന്ദ്രലീലാവതി. മക്കൾ: ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ.