സംസ്ഥാനത്ത് ഈ വർഷത്തെ മൺസൂൺ ട്രോളിങ് നിരോധനം ജൂൺ 9 (നാളെ )അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

കടൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് ഈ വർഷത്തെ മൺസൂൺ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 വരെ നീളുന്ന നിരോധനകാലം 52 ദിവസമാണ്. ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും തീരദേശ മേഖലകളിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

നിരോധന കാലയളവിൽ ട്രോൾ ബോട്ടുകൾക്ക് കടലിൽ മത്സ്യബന്ധനം നടത്താൻ അനുമതിയുണ്ടാകില്ല. എന്നാൽ 2007ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ-സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം തുടരാൻ തടസ്സമുണ്ടാകില്ല.

അതേസമയം, പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ ഇഇസെഡിൽ ജൂൺ 9 മുതൽ ജൂലൈ 31 വരെ 61 ദിവസത്തേക്ക് നോൺ-മോട്ടോറൈസ്ഡ് യാനങ്ങൾ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമായിരിക്കും.

അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് ബോട്ടുകൾ ജൂൺ 9 വൈകുന്നേരത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം, കോസ്റ്റൽ പൊലീസ് എന്നിവർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സജ്ജമായിരിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും സേവനത്തിനുണ്ടാകും.

മൺസൂൺ കാലയളവിൽ ഭൂരിഭാഗം കടൽമത്സ്യങ്ങളുടെയും പ്രജനനം നടക്കുന്നതിനാൽ ട്രോളിങ് മത്സ്യങ്ങളുടെ മുട്ടകളും ചെറുമത്സ്യങ്ങളും നശിപ്പിച്ച് മത്സ്യസമ്പത്തിന് ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1988 മുതൽ കേരള തീരക്കടലിൽ മൺസൂൺ ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. ഈ നിയന്ത്രണത്തിന്റെ ഫലമായി കടൽ മത്സ്യ ഉൽപ്പാദനം ഗണ്യമായി വർധിച്ചതായും പഠനങ്ങൾ വ്യക്തമാക്കുന്നു.