തിരൂർ
ചില മുസ്ലീം സംഘടനകളാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ ജനസംഖ്യയും ഭൂപ്രകൃതിയും കണക്കിലെടുത്തുകൊണ്ടുള്ള പുനസംഘടനയെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാവുന്നത്. മലപ്പുറം ജില്ലയിൽ വിഭജനം ഉണ്ടാകണമെന്നും തിരൂർ എന്ന പുതിയ ജില്ല പുനക്രമീകരിക്കണമെന്നും മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ല വിഭജനം അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് എം.എൽ.എ കുറുക്കോളി മൊയ്തീൻ പ്രസ്താവിച്ചത് ചര്‍ച്ചയായിരുന്നു,മലപ്പുറം ജില്ലയിലെ പിന്നാക്ക അവസ്ഥ പരിഹരിക്കാൻ പുതിയ ജില്ല ആവശ്യമാണന്ന് ആവശ്യപ്പെടുന്നു. പ്രാദേശിക വികസന രംഗത്ത് ജില്ല നേരിടുന്ന അവഗണന പരിഹരിക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നു.
വള്ളുവനാട്
പാലക്കാട് ജില്ല വിഭജിച്ച് വള്ളുവനാട് എന്ന ജില്ല വേണമെന്നാണ് ആവശ്യം. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള പ്രദേശങ്ങൾ സംയോജിപ്പിച്ച് പെരിന്തൽമണ്ണ അല്ലെങ്കിൽ ഒറ്റപ്പാലം കേന്ദ്രമാക്കി 'വള്ളുവനാട് ജില്ല' രൂപീകരിക്കണമെന്നത് വർഷങ്ങളായുള്ള പ്രാദേശിക ആവശ്യമാണ്. ഭരണസൗകര്യവും വികസനവും ലക്ഷ്യമിട്ടാണ് ഈ ആവശ്യം. ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയവരിൽ പട്ടാമ്പി മുൻ എംഎൽഎ സിപി മുഹമ്മദ് ഉൾപ്പെടെ പ്രമുഖരുണ്ട് .
മൂവാറ്റുപുഴ
എറണാകുളം ജില്ലയുടെ ഭാഗമായ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവും ഉയരുന്നു. ജില്ലയുടെ വലിപ്പം ഭരണത്തിൽ തടസമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ഇടുക്കിയിൽ ഉൾപ്പെട്ട ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും മൂവാറ്റുപുഴ, കോതമംഗലം, പിറവം, നിയോജക മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണം എന്നായിരുന്നു ആവശ്യം. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിന് ഇതു പുതുജീവൻ നൽകുമെന്ന് വിലയിരുത്തലും ഉണ്ടായി. ജില്ല രൂപീകരണത്തിനായി പഠനം നടത്തിയ ഡി. ബാബുപോൾ ഉൾപ്പെടെയുള്ളവർ അനുകൂലമായി റിപ്പോർട്ടും നൽകി.
നെയ്യാറ്റിൻകര
തലസ്ഥാന ജില്ലയെ വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് ജില്ല രൂപീകരിക്കണമെന്ന് ആവശ്യം. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ ചേർന്ന് നെയ്യാറ്റിന്‍കര ആസ്ഥാനമാക്കി ജില്ല രൂപീകരിക്കണമെന്നതാണ് നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതിയുടെ ആവശ്യം. സംസ്ഥാനത്ത് വയനാടിനെക്കാളും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് എന്നും അവിടെ മാറ്റമുണ്ടാക്കുവാന്‍ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും സമിതി പറഞ്ഞു.ഇക്കാര്യം ഉന്നയിച്ച് അര ലക്ഷം പേരുടെ ഒപ്പുകള്‍ അടങ്ങിയ ഭീമഹർജിയും സമിതി ചെയര്‍മാന്‍ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. ബിജെപിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്
