ജൂൺ നാലിനാണ് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്. ആറു ദിവസത്തിനുള്ളിൽ തന്നെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളുമായി 1,366 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ഇതുവരെ 2,796 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ചിക്കുൻഗുനിയയ്ക്കും കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈ കൊതുകുകൾ പ്രധാനമായും പകൽസമയത്താണ് മനുഷ്യരെ കടിക്കുന്നത്. എന്നാൽ ഈ മാസം മൂന്ന് പേർക്ക് മാത്രമാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചതെന്നത് ആശ്വാസകരമായ സൂചനയാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പൂർണമായി ഭേദമാക്കാനാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വെസ്റ്റ് നൈൽ പനിയുടെ വ്യാപനവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മലിനജലത്തിൽ വളരുന്ന ക്യൂലക്സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. സാധാരണയായി സന്ധ്യാ സമയത്തും രാത്രിയിലുമാണ് ഇവ മനുഷ്യരെ കടിക്കുന്നത്. ഈ വർഷം ഇതുവരെ നാല് പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ മാസമാണ്.
എറണാകുളത്ത് പനി ബാധിച്ച് മരിച്ച ഒരാൾക്ക് വെസ്റ്റ് നൈൽ പനിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഡെങ്കിപ്പനിയെയും ചിക്കുൻഗുനിയയെയും അപേക്ഷിച്ച് വെസ്റ്റ് നൈൽ പനി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
