ഉണർന്നത് ബാങ്ക് നോട്ടിഫിക്കേഷൻ കണ്ട്, ഒറ്റ രാത്രി കൊണ്ട് അക്കൌണ്ടിലെത്തിയത് 294 കോടി രൂപ, പൊലീസ് സഹായം തേടി യുവാവ്

ഗയ: ഉറങ്ങാൻ കിടന്നപ്പോൾ ബാങ്ക് അക്കൌണ്ടിലുള്ളത് 113 രൂപ. രാവിലെ വിളിച്ച് എഴുന്നേൽപ്പിച്ചത് ബാങ്ക് നോട്ടിഫിക്കേഷൻ. അക്കൌണ്ടിലേക്ക് എത്തിയ തുക കണ്ട് അന്ധാളിച്ച് ബിഹാറിലെ പ്ലംബർ. ബിഹാറിലെ ഗയയിലാണ് ഒറ്റ രാത്രികൊണ്ട് പ്ലംബറായ യുവാവിന്റെ അക്കൌണ്ടിലേക്ക് 294 കോടി രൂപയെത്തിയത്. മസ്തപുര നിവാസിയായ വികാസ് കുമാറിന്റെ അക്കൌണ്ടിലേക്ക് വ്യാഴാഴ്ചയാണ് വൻതുകയെത്തിയത്. അപ്രതീക്ഷിതമായി കോടിക്കണക്കിന് രൂപ ഒരു അക്കൌണ്ടിലേക്ക് എത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അക്കൌണ്ടിൽ ഒറ്റരാത്രി കൊണ്ട് വൻതുക വന്നതോടെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ യുവാവ് തന്നെ പൊലീസ് സഹായം തേടുകയായിരുന്നു. ബാങ്ക് രേഖകളും സെർവർ ലോഗുകളും ട്രാൻസാക്ഷൻ ഐഡികളും അക്കൌണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിച്ച് സംഭവച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. 
ചിലപ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള സാങ്കേതിക പിഴവോ, വലിയൊരു തട്ടിപ്പോ ആവാം സംഭവമെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. എവിടെ നിന്ന് വരുന്നതെന്ന് അറിയാത്തതിനാൽ പണം ഉപയോഗിക്കില്ലെന്നാണ് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. താനൊരു പ്ലംബറാണ്. തന്റെ അക്കൌണ്ടിൽ ഇത്രയും വലിയൊരു തുകയുണ്ടാവുക സാധ്യമല്ല. ഈ പണം എവിടെ നിന്നാണെന്ന് ഒരു ധാരണയുമില്ലെന്നും യുവാവ് വിശദമാക്കി. ഇത് തന്റെ പണമല്ല അതിനാൽ തന്നെ തിരിച്ച് ഇടുമ്പോൾ നൽകേണ്ടി വരുന്ന തുക ബാങ്ക് തന്നെ കണ്ടെത്തണമെന്നും വികാസ് പറയുന്നത്. ഇത്ര വലിയ തുകയുടെ ഇടപാട് തന്റെ അക്കൌണ്ടിലേക്ക് നടത്തിയവരെ കണ്ടെത്തണമെന്നും യുവാവ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അക്കൌണ്ട് ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി വേണമെന്നാണ് യുവാവിന്റെ ആവശ്യം. ജോലി പൂർത്തിയാക്കിയതിന് ലഭിച്ച വരുമാനത്തിൽ നിന്ന് 1300 രൂപ ബുധനാഴ്ച രാത്രി യുവാവ് പിൻവലിച്ചിരുന്നു. 
കഴിഞ്ഞ അഞ്ച് വർഷമായി വികാസ് ഉപയോഗിക്കുന്ന ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൌണ്ടിലാണ് വൻ തുകയെത്തിയത്. ആദ്യം 94 കോടി രൂപയും പിന്നാലെ 294.80കോടി രൂപയുമായാണ് ബാങ്ക് ബാലൻസ് ഉയർന്നത്. വികാസ് കുമാർ പരമാവധി ഏഴ് ലക്ഷം രൂപയുടെ ഇടപാടുകളാണ് ഈ അക്കൌണ്ടിൽ നടത്തിയിട്ടുള്ളത്. സാങ്കേതിക തകരാറാണോ അതോ സൈബർ തട്ടിപ്പുകാർ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണോ എന്ന് കണ്ടെത്താൻ ബാങ്ക് റെക്കോർഡുകളും സെർവർ ലോഗുകളും പോലീസ് പരിശോധിച്ചു വരികയാണ്.