ഇറാന്റെ ആദ്യ ഗോളിൽ ഗ്യാലറിയിൽ മിനാബ് 168 ബാനർ ഉയർത്തി ആരാധകർ

ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇറാൻ സമനില പിടിച്ചപ്പോൾ, ഗാലറിയിൽ ഉയർന്നത് ഒരു വലിയ കൂട്ടക്കുരുതിയുടെ കണ്ണീരണിയിക്കുന്ന ഓർമ്മപ്പെടുത്തൽ. മത്സരത്തിൽ ഇറാൻ്റെ ഓരോ ഗോളുകൾ പിറക്കുമ്പോഴും ഗാലറിയിലെ ആരവങ്ങൾക്കൊപ്പം ആരാധകർ ‘MINAB 168’ എന്നെഴുതിയ ബാനറുകളും കാർഡുകളും ഉയർത്തിപ്പിടിച്ചു. തങ്ങളുടെ മാതൃരാജ്യത്ത് നടന്ന ആ ക്രൂരതയെ മറന്നുകൊണ്ടൊരു ആഘോഷവുമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഗാലറിയിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ഇറാൻ ആരാധകർ.

മത്സരത്തിൻ്റെ ഏഴാം മിനുട്ടിൽ എലിജ ജസ്റ്റിലൂടെ ന്യൂസിലാൻഡ് മുന്നിലെത്തിയെങ്കിലും 32-ാം മിനുട്ടിൽ പ്രതിരോധ താരം റാമിൻ റെസയീനിലൂടെ ഇറാൻ മറുപടി ഗോൾ നേടി. ഈ ഗോൾ പിറന്നതോടെയാണ് ഗാലറിയിലുണ്ടായിരുന്ന ഇറാൻ ആരാധകർ ഒരേമനസ്സോടെ ‘മിനാബ് 168’ എന്നെഴുതിയ കാർഡുകൾ ഒന്നിച്ച് വായുവിൽ ഉയർത്തിയത്. യു.എസ് നടത്തിയ കൂട്ടക്കുരുതിയെ ലോകവേദിയിൽ വെച്ച് അപലപിക്കുകയായിരുന്നു അവർ. മത്സരത്തിൽ മുഹമ്മദ് മൊഹെബിയും ഇറാനായി വലകുലുക്കിയിരുന്നു.

ലോകകപ്പ് പോരാട്ടങ്ങൾക്കായി ലൊസാഞ്ചൽസിൽ വിമാനമിറങ്ങിയപ്പോൾ തന്നെ ഇറാൻ താരങ്ങളുടെ നെഞ്ചിൽ ‘168’ എന്നെഴുതിയ ബാഡ്ജുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാന്റെ ചരിത്രത്തിലെ ആ കറുത്ത ദിനം സംഭവിച്ചത്. ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു സ്‌കൂളിന് നേരെ യു.എസ് നടത്തിയ ആക്രമണത്തിൽ 168 പിഞ്ചുകുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഈ ആക്രമണം യു.എസ് സൈന്യത്തിന്റെ ടോമഹോക് മിസൈലുകൾ ഉപയോഗിച്ചാണ് നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും അമേരിക്ക ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ രാഷ്ട്രീയ സംഘർഷങ്ങളുടെയും കനത്ത വേദനകളുടെയും പശ്ചാത്തലത്തിലാണ് ഗോൾ ആഘോഷ വേളയിലും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള നീതിക്കായി ഇറാൻ ആരാധകർ ലോകവേദിയിൽ ശബ്ദമുയർത്തിയത്.