കൊടുങ്കാറ്റിലെ ശാന്തത
പുറത്ത് ആരാധകർ ആവേശത്താൽ തിളച്ചുമറിയുമ്പോൾ, പ്രസ് കോൺഫറൻസ് റൂമിലെ അന്തരീക്ഷം തികച്ചും ശാന്തമായിരുന്നു. ആർസിബി ക്യാപ്റ്റൻ രജത് പടിദാർ അങ്ങേയറ്റം ശാന്തനായാണ് കാണപ്പെട്ടത്. പടിദാറിനെ സംബന്ധിച്ച്, നിലവിലെ ചാമ്പ്യന്മാർ എന്ന കിരീടം ഒരു ഭാരമല്ല, മറിച്ച് മാറ്റിവെക്കേണ്ട ഒരു പഴയ കോട്ടാണ്. "കഴിഞ്ഞ വർഷം നമ്മളത് നേടി, പക്ഷേ ഇതൊരു പുതിയ സീസണാണ്," പുറത്തെ ആരാധകരുടെ മുദ്രാവാക്യങ്ങൾക്കിടയിലും പടിദാറിന്റെ ശബ്ദത്തിൽ തികഞ്ഞ ശാന്തതയുണ്ടായിരുന്നു.
നഷ്ടപ്പെട്ട ഹോം ആനുകൂല്യം
ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ച്, ഇത്തരം തത്വശാസ്ത്രപരമായ ചിന്തകൾക്ക് ഒട്ടും സമയമുണ്ടായിരുന്നില്ല. ഫൈനലിലേക്കുള്ള അവരുടെ യാത്ര തികച്ചും കഠിനമായിരുന്നു. യഥാർത്ഥത്തിൽ, ഈ ഫൈനൽ മത്സരം നടക്കേണ്ടിയിരുന്നത് നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ, വിഐപി ടിക്കറ്റ് വിവാദത്തെ തുടർന്ന് ഫൈനൽ മത്സരം ബെംഗളൂരുവിൽ നിന്നും മാറ്റുകയായിരുന്നു.
ഈ ഭരണപരമായ തർക്കം ഗുജറാത്തിന് സ്വന്തം തട്ടകത്തിൽ ഫൈനൽ കളിക്കാനുള്ള ഭാഗ്യം നൽകിയെങ്കിലും, യാത്രാ തടസ്സങ്ങൾ കാരണം ആ ഹോം ആനുകൂല്യം അവർക്ക് പൂർണ്ണമായി പ്രയോജനപ്പെടുത്താനായില്ല. വെള്ളിയാഴ്ച രാത്രി രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് ശേഷം ചണ്ഡീഗഡിലുണ്ടായ മോശം കാലാവസ്ഥ കാരണം അവരുടെ വിമാനം വൈകി. അതിനാൽ, ഫൈനലിന്റെ തലേന്ന് രാത്രി 10 മണിക്ക് ശേഷമാണ് ഹോം ടീമിന് അഹമ്മദാബാദിൽ ലാൻഡ് ചെയ്യാൻ കഴിഞ്ഞത്. ഗുജറാത്ത് ടീമിന് മൊട്ടേരയിലെ പിച്ചിനെ അടുത്തറിയാനോ അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനോ ഉള്ള സമയം ലഭിച്ചില്ല.
ഐപിഎൽ ഫൈനൽ: എന്തൊക്കെ പ്രതീക്ഷിക്കാം?
വലിയ കോലാഹലങ്ങളൊന്നുമില്ലാതെ ശാന്തമായി നയിക്കുന്ന രജത് പടിദാർ, എംഎസ് ധോണിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ക്യാപ്റ്റൻ എന്ന ചരിത്രനേട്ടത്തിന്റെ തൊട്ടരികിലാണ്. മറുവശത്ത്, ടി20 ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷമുള്ള ഒരു ശക്തമായ തിരിച്ചുവരവിനാണ് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ലക്ഷ്യമിടുന്നത്.
പവർപ്ലേയിലെ പോരാട്ടം
ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മാരകമായ രണ്ട് ന്യൂ-ബോൾ സഖ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം കൂടിയായിരിക്കും ഇന്നത്തെ മത്സരം. , കാഗിസോ റബാഡയുടെയും മുഹമ്മദ് സിറാജിന്റെയും വേഗതയും ആക്രമണോത്സുകയും ഭുവനേശ്വർ കുമാറിന്റെയും ജോഷ് ഹേസൽവുഡിന്റെയും സ്വിങ്ങും നിയന്ത്രണവും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചക്കായി ആരാധകർ കാത്തിരിക്കുകയാണ്.
RCB vs GT: നേർക്കുനേർ പോരാട്ടങ്ങൾ
ചരിത്രം പരിശോധിച്ചാൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. പരസ്പരം ഏറ്റുമുട്ടിയ 9 മത്സരങ്ങളിൽ ആർസിബി അഞ്ചിലും ഗുജറാത്ത് നാലിലും വിജയിച്ചു. ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും വിജയിച്ചത് ആർസിബിയാണ്. ബെംഗളൂരുവിൽ സായ് സുദർശൻ നേടിയ സെഞ്ചുറി വിഫലമായപ്പോൾ, അഹമ്മദാബാദിൽ ആർസിബിയെ 155 റൺസിന് ചുരുട്ടിക്കെട്ടി ഗുജറാത്ത് വിജയം നേടിയിരുന്നു. എന്നാൽ, ക്വാളിഫയർ 1-ൽ രജത് പടിദാറിന്റെ തകർപ്പൻ പ്രകടനത്തിന്റെ (33 പന്തിൽ 93) കരുത്തിൽ ആർസിബി 254 റൺസ് അടിച്ചുകൂട്ടുകയും 92 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു.
പിച്ചും കാലാവസ്ഥയും
ഫൈനലിനായി പിച്ച് നമ്പർ 6 ആണ് ഒരുക്കിയിരിക്കുന്നത്. ആർസിബി 155 റൺസിന് പുറത്തായ ലീഗ് മത്സരത്തിൽ ഇതേ പിച്ചാണ് ഉപയോഗിച്ചിരുന്നത്. അന്ന് പിച്ച് സ്ലോ ആയിരുന്നെങ്കിലും ഞായറാഴ്ച അങ്ങനെയായിരിക്കാൻ സാധ്യത കുറവാണ്. ചുവപ്പ് മണ്ണും കറുപ്പ് മണ്ണും കലർന്ന പിച്ചാണിത്. അഹമ്മദാബാദിലെ കഠിനമായ ചൂടിൽ പിച്ച് വരണ്ടുപോകാതിരിക്കാൻ പകൽ സമയങ്ങളിൽ ഇത് മൂട്ടിയിടാറുണ്ട്. വൈകുന്നേരങ്ങളിലും തുടരുന്ന കഠിന ചൂട് കാരണം മഞ്ഞിന്റെ സ്വാധീനം കുറവായിരിക്കും. ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്ത ടീമുകൾ ഇവിടെ നാല് തവണ ജയിച്ചപ്പോൾ, രണ്ടാമത് ബാറ്റ് ചെയ്തവർ മൂന്നു തവണയാണ് ജയിച്ചത്.
ടീം വാർത്തകൾ
ഗുജറാത്തിന് പുതിയ പരിക്കിന്റെ ആശങ്കകളൊന്നുമില്ല. എങ്കിലും ഫൈനലിന് 24 മണിക്കൂർ മുൻപ് മാത്രം എത്തിയതിനാൽ കളിക്കാരുടെ ശാരീരിക-മാനസിക ക്ഷീണം മാറ്റുക എന്നതാണ് പ്രധാന വെല്ലുവിളി. ചണ്ഡീഗഡിൽ നടന്ന രണ്ടാം ക്വാളിഫയറിനിടെ മുഹമ്മദ് സിറാജിന് തോളിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും ഫൈനലിൽ താരം കളിക്കുമെന്നാണ് പ്രതീക്ഷ.
സാധ്യതാ ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), നിഷാന്ത് സിദ്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.
ഇംപാക്ട് സബ്: പ്രസിദ്ധ് കൃഷ്ണ
ആർസിബിക്ക് വേണ്ടി, ഫിൽ സാൾട്ട് ടീമിനൊപ്പം യാത്ര ചെയ്‌തെങ്കിലും കളിയുടെ തലേന്ന് പരിശീലനം നടത്തിയില്ല. വിരലിനേറ്റ പരിക്കിനെത്തുടർന്ന് ഇംഗ്ലീഷ് താരം ഒരു മാസത്തിലേറെയായി പരിശീലനത്തിന് പുറത്തായിരുന്നു. തൽഫലമായി, ആർസിബി അവരുടെ വിജയ കൂട്ടുകെട്ടിൽ മാറ്റം വരുത്താൻ സാധ്യതയില്ല, വെങ്കിടേഷ് അയ്യരും വിരാട് കോഹ്‌ലിയും ഓപ്പണിങ്ങിൽ കൂട്ടുകെട്ട് തുടരും.
സാധ്യതാ ഇലവൻ: വെങ്കിടേഷ് അയ്യർ, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, റാസിഖ് സലാം ദാർ, ജേക്കബ് ഡഫി
ഇംപാക്ട് സബ്: റൊമാരിയോ ഷെപ്പേർഡ്
