സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്‌യു പ്രവർത്തകരുടെ അക്രമം പൊലീസ് നോക്കിനിന്നെന്നും എ എ റഹീം ആരോപിച്ചു. സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈയൊടിഞ്ഞു.
പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ സന്ദർശിച്ചു. ജനറൽ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉടലെടുത്തത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷം കനത്തതോടെ പൊലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
സർവകലാശാലയിൽ 37-ല്‍ 35 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്ഐയുടെ ശിവ എസ് ആണ് പുതിയ യൂണിയന്‍ ചെയര്‍മാന്‍. ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം രണ്ട് സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. രക്തസാക്ഷിയായ ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനം.
