അമ്മയും കുഞ്ഞും നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് പാലുകൊടുക്കാൻ യുവതി തയ്യാറാകുന്നില്ലെന്നും ഇരുവരെയും ആശുപത്രിയിൽ പ്രത്യേകമായി പാർപ്പിച്ചിരിക്കുകയാണെന്നും സി.ഡബ്ല്യു.സി. അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ സി.ഡബ്ല്യു.സി. ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറും. തുടർന്ന് ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റും. രണ്ടുമാസം വരെ അവിടെ കുട്ടിയെ പരിപാലിക്കാൻ കഴിയും. ഈ കാലയളവിനുള്ളിൽ അമ്മയ്ക്ക് മനംമാറ്റമുണ്ടായാൽ പോലീസിന്റെ റിപ്പോർട്ടും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് കുഞ്ഞിനെ തിരികെ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് യുവതിക്കെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രി വിട്ടതിന് പിന്നാലെ യുവതിയെ ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിക്കാനാണ് ഹരിപ്പാട് പോലീസിന്റെ തീരുമാനം. യുവതിക്ക് കൗൺസലിങ് നൽകുന്നുണ്ടെന്നും കൗൺസലറുമായി അവർ സഹകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ അവിവാഹിതയായ യുവതി പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് ബന്ധുക്കൾക്കൊപ്പമാണ് ആശുപത്രിയിലെത്തിയത്.
എറണാകുളത്ത് റേഡിയോളജി കോഴ്‌സ് പഠിക്കുന്ന യുവതി പഠനത്തോടൊപ്പം ജോലിയും ചെയ്തുവരികയായിരുന്നു. ജോലിസ്ഥലത്ത് പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി യുവതി വീട്ടിലായിരുന്നു. വയറ്റിൽ മുഴയുണ്ടെന്നും അതിന് ചികിത്സ നടത്തുകയാണെന്നുമാണ് ബന്ധുക്കളെ അറിയിച്ചിരുന്നതെന്നാണ് വിവരം.
#harippad #LatestNews #kerala #ernakulam
