പ്ലസ് വണ്‍ പ്രവേശനം ആരംഭിച്ചു; ആദ്യദിനം ലഭിച്ചത് 2220 അപേക്ഷകള്‍അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ നാല്; പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ രണ്ടിന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 2026-27 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് തുടക്കമായി. പ്രവേശന നടപടികൾ ആരംഭിച്ച ആദ്യ ദിനം തന്നെ 11,603 പേർ കാൻഡിഡേറ്റ് ലോഗിൻ ചെയ്തു. ഇതിൽ 2,220 അപേക്ഷകളാണ് ഇന്നലെ പൂർണ്ണമായും സമർപ്പിക്കപ്പെട്ടത്. എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 2,098 പേരും സി.ബി.എസ്.ഇയിൽ നിന്നുള്ള 98 പേരും ഐ.സി.എസ്.ഇയിൽ നിന്നുള്ള 12 പേരും മറ്റുവിഭാഗത്തിൽ നിന്നുള്ള 12 പേരും ഇതിൽ ഉൾപ്പെടുന്നു. എം.ആർ.എസ് വിഭാഗത്തിൽ നിന്ന് നാലുപേരും ആദ്യദിനം അപേക്ഷ നൽകിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് (എച്ച്.എസ്.സി.എ.പി) വഴിയാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എല്‍.സി പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലേക്ക് തങ്ങളുടെ മുന്‍ഗണനാക്രമം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം. www.hscap.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴി 25 രൂപ ഫീസടച്ച് അപേക്ഷകൾ സമർപ്പിക്കാം. പത്താം ക്ലാസിലെ മാര്‍ക്കും സംവരണ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സീറ്റ് അലോട്ട്‌മെന്റ് തയ്യാറാക്കുന്നത്. ഒരു റവന്യൂ ജില്ലയിലെ സ്‌കൂളുകളിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ജില്ലകളിലേക്ക് പ്രത്യേകമായി ഫോമുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ജൂണ്‍ നാല് വരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം. ജൂണ്‍ എട്ടിന് ട്രയല്‍ അലോട്ട്‌മെന്റും ജൂൺ 15-ന് ആദ്യ അലോട്ട്‌മെന്റും നടക്കും. ജൂൺ 22-നാണ് രണ്ടാം അലോട്ട്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. മൂന്നാം അലോട്ട്‌മെന്റ് 29-ന് നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈ രണ്ട് മുതല്‍ പ്ലസ് വൺ ക്ലാസുകള്‍ ആരംഭിക്കും. ഓഗസ്റ്റ് അഞ്ചിനായിരിക്കും പ്രവേശന നടപടികള്‍ പൂർണ്ണമായും അവസാനിക്കുന്നത്.