ഇസ്‌ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയുടെ പത്താം നാളിലാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗസന്നദ്ധതയും ദൈവവിശ്വാസവും ഓർമ്മപ്പെടുത്തുന്ന ദിനമായാണ് ഈ പെരുന്നാൾ വിശേഷിപ്പിക്കപ്പെടുന്നത്.
ഹജ്ജ് കർമങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അറഫാ നോമ്പ് അനുഷ്ഠിച്ചതിന് ശേഷമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്നത്. പരസ്പരം ആശംസകൾ നേർന്നും സഹായഹസ്തം നീട്ടിയും കുടുംബസംഗമങ്ങളോടെയും സംസ്ഥാനമൊട്ടാകെ പെരുന്നാൾ ദിനം ആഘോഷമാക്കി.
