കരാറിൽ ഒപ്പിടാനായി രാജ്യത്തെ ഒരു പ്രമുഖ ബ്രാൻഡ് വൈഭവിന് 'ബ്ലാങ്ക് ചെക്ക്' വരെ ഓഫര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ സറീന്‍ സ്പോര്‍ട്സ്(എസ്എസ്) ആണ് പ്രതിവർഷം 50 ലക്ഷം രൂപക്ക് വൈഭവിന്‍റെ ബാറ്റ് സ്പോൺസർ ചെയ്യുന്നത്. എസ് എസുമായുള്ള വൈഭവിന്‍റെ കരാര്‍ ഉടന്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫറുകളുമായി വമ്പന്‍മാര്‍ രംഗത്തെത്തിയത്. മികച്ച ഓഫറുകൾ വന്നാൽ എസ് എസുമായുള്ള കരാറിൽ നിന്ന് പിൻമാറാനും വൈഭവിന് അനുവാദമുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ എംആർഎഫ്, സിയറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ടയർ നിർമ്മാണ കമ്പനികളാണ് വൈഭവിന്‍റെ ബാറ്റ് സ്പോൺസര്‍ഷിപ്പിനായി കോടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ക്രിക്കറ്റ് ലോകത്ത് സാധാരണയായി ബാറ്റ് നിർമ്മാതാക്കൾ പരമാവധി 8 കോടി രൂപ വരെയാണ് ഒരു താരത്തിന് നൽകാറുള്ളത്. എന്നാൽ ടയർ നിർമ്മാണ രംഗത്തെ വമ്പന്മാർ പരസ്യ വിപണി പിടിക്കാൻ കോടികൾ ഒഴുക്കാൻ തയ്യാറായതാണ് വൈഭവിന്‍റെ മൂല്യം 12 കോടിയിലെത്തിച്ചത്. വൈഭവ് ഈ ഓഫർ സ്വീകരിച്ചാൽ ക്രിക്കറ്റ് സ്പോൺസർഷിപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായി ഇത് മാറും.
ഐപിഎല്ലിലെ തന്‍റെ ആദ്യ ഫുൾ സീസൺ കളിക്കുന്ന വൈഭവ്15 മത്സരങ്ങളിൽ നിന്ന് 680 റൺസടിച്ച് റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ്. 240-ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് വൈഭവിന്‍റെ വെടിക്കെട്ട്. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന റിഷഭ് പന്തിനെപ്പോലുള്ള താരങ്ങൾക്ക് പ്രതിവർഷം 8 കോടി രൂപ വരെ സ്പോൺസർഷിപ്പ് ലഭിക്കുമ്പോൾ, ഐപിഎല്ലിൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന വൈഭവ് സൂര്യവംശിക്ക് 12 കോടി ലഭിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍
