കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. UV സൂചിക 8 മുതൽ 10 വരെയായിടങ്ങളിലാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. അതീവ ജാഗ്രത ആവശ്യമായ സാഹചര്യങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്.
അതേസമയം ബേപ്പൂർ, മാനന്തവാടി, ധർമ്മടം, മൂന്നാർ, കളമശേരി, വിളപ്പിൽശാല, കൊട്ടാരക്കര എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ UV സൂചിക 6 മുതൽ 7 വരെയാണ് രേഖപ്പെടുത്തിയത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നതനുസരിച്ച്, ദീർഘനേരം UV രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രപ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാം.
ജാഗ്രതാ നിർദേശങ്ങൾ:
• പകൽ 10 മുതൽ 3 വരെ UV വികിരണം ഏറ്റവും കൂടുതലായതിനാൽ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക
• പുറത്തുപോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക
• ശരീരം മുഴുവൻ മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
• യാത്രക്കിടെ ഇടവേളകളിൽ തണലിൽ വിശ്രമിക്കുക
പുറം ജോലിക്കാർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, കൂടാതെ ത്വക്ക്/നേത്ര രോഗങ്ങളുള്ളവർ, ആൽബിനിസം ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.
മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും സാധാരണയായി UV സൂചിക കൂടുതലായിരിക്കും. മേഘമില്ലാത്ത ആകാശത്തിലും UV നില ഉയർന്നിരിക്കാമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ തുടങ്ങിയവ UV കിരണങ്ങളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം സ്ഥലങ്ങളിലും അപകടസാധ്യത കൂടുതലാണ്.
