വെടിനിർത്തൽ അവസാനിപ്പിക്കാനും ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകാനുമായി ട്രംപ് ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് പുതിയ ഭീഷണി സന്ദേശവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇറാൻ താത്കാലി വെടിനിർത്തൽ കരാർ നിഷേധിച്ചതിന് പിന്നാലെയാണ് ട്രംപ് അന്ത്യശാസനം നൽകിയത്. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇറാൻ്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവർത്തിക്കുന്നത്.
അതേസമയം ഇറാൻ്റെ തന്ത്ര പ്രധാനമായ ഖാർഗ് ദ്വീപിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ഇന്ന് ആക്രമണം നടത്തിയിരുന്നു . യുദ്ധത്തിന്റെ തുടക്കത്തിലും ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെർമിനൽ ഇവിടെയാണ്. ഇറാൻ തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെ വിവിധ മേഖലകളിൽ കനത്ത ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
