മകൾ പോയ വേദന മാറും മുൻപേ അച്ഛനും മടങ്ങി, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ ഉടമ ജീവനൊടുക്കി. തകർന്നുപോയത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങൾ.

പെരുമ്പാവൂർ: തുടർച്ചയായുണ്ടായ ജീവിത പ്രതിസന്ധികളിൽ തളർന്ന് പ്രശസ്ത സ്റ്റുഡിയോ, ഹോട്ടൽ ഉടമ ജീവനൊടുക്കി. ഗിന്നസ്' സ്റ്റുഡിയോകളിലൂടെയും സിനിമകളിലൂടെയും പെരുമ്പാവൂരുകാർക്ക് സുപരിചിതനായ മുടക്കുഴ സ്വദേശി കെ.കെ. രാജനെയാണ് (58) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം..

പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ 'ഗിന്നസ്' എന്ന പേരിൽ ഫോട്ടോ സ്റ്റുഡിയോകൾ നടത്തിവരികയായിരുന്നു രാജന്റെ കുടുംബം. എന്നാൽ കാലമാറ്റത്തിനനുസരിച്ച് ബിസിനസ്സിൽ ഉണ്ടായ തിരിച്ചടികൾ മൂലം 2 സ്റ്റുഡിയോകൾ നിർത്തേണ്ടി വന്നു. തുടർന്ന് ഈ വർഷമാണ് കാക്കനാട് പുതിയൊരു ഹോട്ടൽ ആരംഭിച്ച് ബിസിനസ് രംഗത്തേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട ഗ്യാസ് ദൗർലഭ്യവും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളും ഹോട്ടലിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. കടങ്ങൾ വർദ്ധിച്ചതും ഹോട്ടൽ അടച്ചിടേണ്ടി വന്നതും രാജനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു..

മകൾ കൃഷ്ണയുടെ വേർപാട് നൽകിയ ആഘാതത്തിൽ നിന്നും രാജനും കുടുംബവും ഇതുവരെ മോചിതരായിരുന്നില്ല. 2025 ഡിസംബറിലായിരുന്നു സിനിമാ മേഖലയിൽ സജീവമായിരുന്ന കൃഷ്ണയുടെ അപ്രതീക്ഷിത മരണം. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കശ്മീരിലെ ശ്രീനഗറിൽ എത്തിയ കൃഷ്ണ, ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം ഭേദമായി വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് കൃഷ്ണയുടെ ജീവനെടുത്തത്. ഏകമകളുടെ ഒന്നാം ചരമവാർഷികം എത്തുന്നതിന് മുൻപേ അച്ഛനും യാത്രയായത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..