ആറടി മണ്ണിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ ആ കുഞ്ഞുശരീരം ഇറക്കിവെക്കുമ്പോൾ കണ്ടുനിന്നവരുടെ ഉള്ളുലഞ്ഞു. വീടിന് മുന്നിലെ ആഞ്ഞിലി മരച്ചുവട്ടിൽ ദിച്ചുവിനായി മണ്ണ് ഒരുങ്ങിയപ്പോൾ, അമ്മ അനുവിന്റെ അലമുറയിട്ടുള്ള കരച്ചിൽ ഒരു കല്ലുപോലെയുള്ള മനസ്സിനെയും ഈറനണിയിക്കും. "എനിക്ക് കണ്ടു കൊതി തീർന്നില്ലെടാ പൊന്നുമോനേ..." എന്ന ആ അമ്മയുടെ വിളികേട്ട് കണ്ടുനിന്നവരും വിതുമ്പി.
ചിറയിൻകീഴ് അഴൂർ ക്ഷേത്രം വാർഡിലെ എട്ടു വയസ്സുകാരൻ ദിക്ഷൽ എന്ന ദിച്ചുവിനെ ഒരു മൂർഖൻ പാമ്പിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുത്തത് ഉറക്കത്തിലായിരുന്നു. തറ പോലുമില്ലാത്ത ചായ്പിൽ മണലിൽ പായവിരിച്ചു കിടന്നുറങ്ങുകയായിരുന്നു ആ പിഞ്ചുബാലൻ. ഷീറ്റുകൾക്കിടയിലൂടെ അരിച്ചെത്തിയ മരണം ആ കുഞ്ഞിന്റെ കളിചിരികൾ എന്നെന്നേക്കുമായി കവർന്നു.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുറ്റത്ത് അവൻ ഏറ്റവും പ്രിയപ്പെട്ട സൈക്കിൾ അനാഥമായി കിടപ്പുണ്ടായിരുന്നു. ഒന്നും മനസ്സിലാവാതെ അച്ഛൻ ദിലീപിന്റെ ഒക്കത്തിരുന്നു കരയുന്ന അനിയത്തി ദൃക്ഷിത ഓരോരുത്തരുടെയും നോവായി മാറി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. എന്നാൽ ഈ വേർപാടിന് പിന്നിൽ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവുണ്ടെന്ന ആക്ഷേപം ശക്തമാണ്. വേദനയുണ്ടെന്നും കാഴ്ച മങ്ങുന്നുവെന്നും ദിച്ചു കരഞ്ഞു പറഞ്ഞിട്ടും വേണ്ട ഗൗരവത്തോടെ ചികിത്സ നൽകാൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആന്റിവെനം ഉണ്ടായിരുന്നിട്ടും അത് നൽകാൻ വൈകിയത് ഒരു കുരുന്നു ജീവൻ പൊലിയാൻ കാരണമായോ എന്ന ചോദ്യം ഇപ്പോൾ ബാക്കിയാവുകയാണ്.
സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിവെച്ച് ആ കുടുംബം ഇപ്പോൾ കണ്ണുനീർക്കടലിലാണ്. ദിച്ചുവിന്റെ ആ ചിരിക്കുന്ന മുഖം ഇനി ഓർമ്മകളിൽ മാത്രം. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതിയുമായി മുന്നോട്ട് പോവുകയാണ്. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കട്ടെ.
ആദരാഞ്ജലികൾ ദിച്ചൂ...
