നെഞ്ചുപൊള്ളിക്കുന്ന ഒരു വാർത്തയാണ് കോതമംഗലത്തു നിന്നും വരുന്നത്. ഒരു ചെറിയ അവധിക്കാലം ആഘോഷിക്കാനും ബന്ധുക്കളെ കാണാനുമായി എത്തിയതായിരുന്നു 17 വയസ്സുകാരിയായ ഹാദിയ ഹനാൻ. എന്നാൽ, ആ സന്തോഷം നിമിഷനേരം കൊണ്ട് വലിയൊരു ദുരന്തമായി മാറി.
ചെറുവട്ടൂരിലെ പാറക്കുളത്തിൽ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും കുളിക്കാനിറങ്ങിയതായിരുന്നു അവൾ. എന്നാൽ അപ്രതീക്ഷിതമായി ഹാദിയ താഴ്ചയിലേക്ക് മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളെ സമീപത്തെ ഷോപ്പിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിയെത്തി രക്ഷപ്പെടുത്തിയെങ്കിലും, ആഴങ്ങളിലേക്ക് മറഞ്ഞ ഹാദിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. അഗ്നിരക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആ പുഞ്ചിരിക്കുന്ന മുഖം എന്നെന്നേക്കുമായി വിടവാങ്ങിയിരുന്നു.
ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹാദിയ, പ്രവാസിയായ നിഷാദിന്റെയും ഖദീജയുടെയും മകളാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ആ കുളത്തിലെ ഓളങ്ങളിൽ ഇല്ലാതായത്. പ്രിയപ്പെട്ട ഹാദിയയ്ക്ക് കണ്ണീരോടെ വിട...
