ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ നിര്‍ണ്ണായക നിരീക്ഷണങ്ങളുമായി സുപ്രിംകോടതി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ നിര്‍ണ്ണായക നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. ദശലക്ഷക്കണക്കിന് ആളുകളുടെ മതവിശ്വാസം തെറ്റാണെന്ന് പ്രഖ്യാപിക്കുന്നത് കോടതിയെ സംബന്ധിച്ച് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.

കേസില്‍ പുനപരിശോധന ഹര്‍ജികളെ പിന്തുണച്ചുകൊണ്ടുള്ള ശക്തമായ വാദങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് കോടതിയില്‍ ഉന്നയിച്ചത്. ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഇവയാണ്:

10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദനീയമാണ്. അതിനാല്‍ തന്നെ ഇത് പൂര്‍ണ്ണമായ ഒരു ലിംഗവിവേചനമല്ല, മറിച്ച് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ആചാരപരമായ നിയന്ത്രണം മാത്രമാണ്. ഭഗവാന്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയായ ഏക ക്ഷേത്രമാണ് ശബരിമല. ഈ സവിശേഷത നിലനിര്‍ത്താന്‍ പ്രത്യേക ആചാരങ്ങള്‍ അനിവാര്യമാണ്. ഹിന്ദുമതത്തിലെ ഓരോ ആരാധനാലയങ്ങള്‍ക്കും അതിന്റേതായ ആചാരങ്ങളുണ്ട്. സാമൂഹിക പരിഷ്‌കരണം എന്ന പേരില്‍ ഒരു മതത്തിന്റെ അസ്തിത്വത്തെയോ വിശ്വാസത്തെയോ പാടെ അവഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയും നിരീക്ഷിച്ചു.

'ഭരണഘടനാ ധാര്‍മ്മികത' (Constitutional Morality) എന്ന തത്വം മതപരമായ ആന്തരിക കാര്യങ്ങളില്‍ പ്രയോഗിക്കുന്നത് അപകടകരമാണെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചു. പുറത്തുനിന്നുള്ള തത്വങ്ങള്‍ മതവിശ്വാസത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് മതത്തിന്റെ സ്വത്വം തകര്‍ക്കുമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

ശബരിമല വിഷയത്തില്‍ ആദ്യമായി റിട്ട് ഹര്‍ജി നല്‍കിയത് ഈ ആചാരങ്ങളുമായി നേരിട്ട് ബന്ധമുള്ളവരല്ലെന്നും, ഒരു വ്യക്തിയുടെ താല്‍പ്പര്യത്തേക്കാള്‍ സമുദായത്തിന്റെ കൂട്ടായ വിശ്വാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതിയില്‍ അഭിപ്രായമുയര്‍ന്നു. വിഷയത്തില്‍ നാളെയും വാദം തുടരും.