*പൂക്കോട് ആവര്‍ത്തിക്കുന്നു; 'ഇവരാണോ അധ്യാപകര്‍? കേരളം തലകുനിച്ചു നില്‍ക്കണം'; നിതിന്‍ രാജിന്റെ നെടുമങ്ങാട് ഉഴമലയ്ക്കലിലെവീട്ടില്‍ എത്തി വി.ഡി. സതീശന്‍*

കടുത്ത ജാതീയ അധിക്ഷേപത്തെത്തുടര്‍ന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജ് ജീവനൊടുക്കേണ്ടി വന്ന സാഹചര്യം കേരളത്തിന് വലിയ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിതിന്‍ രാജിന്റെ ഉഴമലയ്ക്കലിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയമായി കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്ക് അധ്യാപകരായി തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

'സ്വന്തമായി വീടുപോലുമില്ലാത്ത ഒരു കുടുംബം തങ്ങളുടെ സര്‍വ്വസ്വവും നല്‍കി പഠിപ്പിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന ഗതികേട് ആലോചിച്ചു നോക്കൂ. അധ്യാപകരുടെ നിരന്തരമായ അധിക്ഷേപവും അപമാനവും സഹിക്കവയ്യാതെയാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്. കേരളം ഇന്ന് അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കുകയാണ്. കുട്ടികള്‍ക്ക് വഴികാട്ടിയാകേണ്ട അധ്യാപകര്‍ തന്നെ ജാതി പറഞ്ഞു അധിക്ഷേപിക്കുന്നത് ക്രൂരമാണ്. ഇവരെയാണോ നമ്മള്‍ അധ്യാപകര്‍ എന്ന് വിളിക്കുന്നത്?' - വി.ഡി. സതീശന്‍ ചോദിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങള്‍ തടയാന്‍ കര്‍ശനമായ നിയമം ആവശ്യമാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ഇത്തരം അധിക്ഷേപങ്ങള്‍ തടയാന്‍ 'രോഹിത് വെമുല' നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇ-ഗ്രാന്റ് എന്നത് ഔദാര്യമല്ല, അത് ഭരണഘടന നല്‍കുന്ന അവകാശമാണ്. അതിന്റെ പേരില്‍ കുട്ടികളെ കളിയാക്കുന്നത് നൂറ്റാണ്ടുകളോളം പിന്നാക്കം നില്‍ക്കേണ്ടി വന്ന ജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അന്ന് മുഖം നോക്കാതെ നടപടിയെടുത്തിരുന്നെങ്കില്‍ നിതിന്‍ രാജിന് ഈ ഗതി വരില്ലായിരുന്നു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.