വിധി ബാക്കിവെച്ച ആ പ്രോഗ്രസ് റിപ്പോർട്ട്; ക്ലാസ് ടോപ്പറായ സന്തോഷമറിയാതെ ഹിഷാം മടങ്ങി...

ഹൃദയഭേദകമാണ് മലപ്പുറം പാങ്ങിൽ നിന്നുള്ള ഈ വാർത്ത. വാൽപാറയിലെ ആ ദാരുണമായ വാഹനാപകടം കവർന്നെടുത്തത് ഒരു മിടുക്കനായ വിദ്യാർത്ഥിയെയും അവന്റെ കരുതലായിരുന്ന ഉമ്മയെയുമാണ്.

ചെറുകുളമ്പ് ഐ.കെ.ടി ഹൈസ്കൂളിലെ എട്ടാം ക്ലാസ്സുകാരൻ മുഹമ്മദ് ഹിഷാം. പരീക്ഷാ ഫലം വന്നപ്പോൾ 300-ൽ 297 മാർക്ക് വാങ്ങി ക്ലാസിലെ ആൺകുട്ടികളിൽ ഒന്നാമനായത് ഹിഷാമായിരുന്നു. ഗണിതത്തിൽ 40-ൽ 39-ഉം അറബിയിൽ ഫുൾ മാർക്കും വാങ്ങി മിന്നിത്തിളങ്ങിയ തന്റെ പ്രിയ ശിഷ്യന്റെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിലാണ് ഹിഷാമിന്റെ വിയോഗവാർത്ത ശ്രീല ടീച്ചറെ തേടിയെത്തിയത്.

"നമ്പർ 32, മുഹമ്മദ് ഹിഷാം എ" എന്ന് ഇനി ആ ക്ലാസിൽ ഹാജർ വിളിക്കുമ്പോൾ പുഞ്ചിരിയോടെ ഓടി വരാൻ അവനില്ല. മകന്റെ വിജയത്തിൽ അഭിമാനത്തോടെ ആ പ്രോഗ്രസ് റിപ്പോർട്ടിൽ ഒപ്പിടാൻ കാത്തുനിൽക്കാതെ ഉമ്മ സുഹ്റയും മകനൊപ്പം യാത്രയായി.

പഠനത്തിൽ മാത്രമല്ല, ഫുട്ബോൾ മൈതാനങ്ങളിലും സൗഹൃദക്കൂട്ടങ്ങളിലും ഹിഷാം എന്നും മുൻപന്തിയിലായിരുന്നു. പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്തെത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും കണ്ണുനീർ കണ്ടുനിൽക്കുന്നവരുടെ നെഞ്ചുപൊള്ളിക്കുന്നതായിരുന്നു. ഒരു നോവായി, തീരാത്ത നഷ്ടമായി ഹിഷാമും ഉമ്മയും മടങ്ങുമ്പോൾ ബാക്കിയാകുന്നത് ആ പ്രോഗ്രസ് റിപ്പോർട്ടിലെ ചുവന്ന മഷി പുരളാത്ത വിജയത്തിന്റെ അടയാളങ്ങൾ മാത്രമാണ്.