ഇസ്രയേല്‍-അമേരിക്കന്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ സംഘര്‍ഷം അതീവ ഗുരുതരം

പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-അമേരിക്കന്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ സംഘര്‍ഷം അതീവ ഗുരുതരം. ഇറാന്റെ അഭിമാനസ്തംഭമായിരുന്ന, തലസ്ഥാനമായ ടെഹ്റാനെ കരാജുമായി ബന്ധിപ്പിക്കുന്ന ബി1 (B1) പാലം അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തില്‍ ഇറാന്റെ ഒരു പ്രധാന ഉരുക്ക് ഫാക്ടറിയും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന ബി1 പാലത്തിന് നേരെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ആദ്യ മിസൈല്‍ പതിച്ചതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ അടിയന്തര സേനാംഗങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് രണ്ടാമത്തെ ആക്രമണം നടന്നതെന്ന് ടെഹ്റാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. 136 മീറ്റര്‍ ഉയരമുള്ള ഈ പാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും തകര്‍ന്നു വീണു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' വിജയം പ്രഖ്യാപിച്ചു. 'ഇറാനിലെ ഏറ്റവും വലിയ പാലം തകര്‍ത്തു, ഇത് ഇനി ഒരിക്കലും ഉപയോഗിക്കാന്‍ കഴിയില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പിന്നാലെ വരാനുണ്ട്!' - ട്രംപ് കുറിച്ചു.

ഇറാന്‍ എത്രയും വേഗം തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ച് കരാറില്‍ ഏര്‍പ്പെടണമെന്നും അല്ലാത്തപക്ഷം രാജ്യം പൂര്‍ണ്ണമായും തകര്‍ക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ തന്ത്രങ്ങള്‍ വിജയിക്കുകയാണെന്നും യുദ്ധം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, സിവിലിയന്‍ സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ശത്രുവിന്റെ ധാര്‍മ്മിക തകര്‍ച്ചയെയാണ് കാണിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഇതിന് പകരമായി കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ 8 പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ അനുകൂല മാധ്യമങ്ങള്‍ ഭീഷണി മുഴക്കി.

ആക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

#iran #america #Trump