വാമനപുരം നദിയുടെ അടിത്തട്ട് തെളിഞ്ഞതോടെ ജല അതോറിട്ടിയുടെ കുടിവെള്ളം പ്രതിസന്ധിയില്‍. ഇതോടെ നദി കേന്ദ്രീകരിച്ചുള്ള ജലസംരക്ഷണ പദ്ധതികള്‍ പാതിവഴിയിലായി.
ലക്ഷങ്ങള്‍ ചെലവഴിച്ച് തടയണ ഉയർത്തിയതും വെറുതെയായി. നദി കേന്ദ്രീകരിച്ചാണ് ജില്ലയിലെ പതിനഞ്ചോളം കുടിവെള്ള പദ്ധതികള്‍. ചിറയിൻകീഴ്,വർക്കല താലൂക്കുകള്‍ പൂർണമായും കഴക്കൂട്ടം, നെടുമങ്ങാട് താലൂക്കിലെ വെഞ്ഞാറമൂട് മേഖലകളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് നദിയെയാണ്. കടുത്ത വേനലില്‍ നദി വറ്റിവരണ്ടതോടെ ജലക്ഷാമം രൂക്ഷമാണ്. വേനലില്‍ ജലവിതരണം ദിവസങ്ങള്‍ ക്രമീകരിച്ച് നടത്തുന്ന രീതി മുൻകാലങ്ങളില്‍ ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പായതോടെ പരമാവധി കുടിവെള്ളം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരില്‍ സമ്മർദ്ദം ഉണ്ടായി. ഇതിനാല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജലവിതരണം പൂർണമായി നിലച്ച നിലയിലാണ്.
ഓരോ ദിവസവും ജല അതോറിട്ടി ആറ്റിങ്ങല്‍ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയർമാരുമുള്‍പ്പെടെയുള്ള സംഘം കുടിവെള്ള പദ്ധതി പ്രദേശങ്ങള്‍ സന്ദർശിച്ച് അവസ്ഥ വിലയിരുത്തി വരികയാണ്. വേനല്‍ മഴ മാത്രമാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മഴ ലഭിച്ചില്ലെങ്കില്‍ ജലവിതരണം പൂർണമായി പ്രതിസന്ധിയിലാകും.
ചെക്ക്ഡാം ഉയർത്തല്‍ പാഴായി
വാമനപുരം നദിയുടെ വൃഷ്ടിപ്രദേശമായ മലയോര പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ നദിയില്‍ നീരൊഴുക്ക് ശക്തിപെടുകയുള്ളൂ. മാത്രമല്ല വേനലില്‍ പൂവമ്പാറ പാലത്തിനു സമീപത്തെ തടയണ എല്ലാ വർഷവും താത്കാലികമായി ഉയർത്തുമായിരുന്നു. 45മീറ്റർ നീളത്തില്‍ ഒരു മീറ്റർ വീതിയിലും, ഉയരത്തിലും മണല്‍ ചാക്ക് അടുക്കിയാണ് ഉയർത്തുന്നത്. കഴിഞ്ഞ വർഷം ഇതിന് 15ലക്ഷം ചിലവഴിച്ചു. ഇക്കുറി ചെലവ് കണക്കാക്കിയിട്ടില്ല. ഇക്കുറി നദിയുടെ അടിത്തട്ട് കണ്ടതോടെ ചെക്ക്ഡാം ഉയർത്തല്‍ പാഴായി.
3ലക്ഷം ഗാർഹിക കണക്ഷനുകള്‍
നിലവില്‍ ആറ്റിങ്ങല്‍ മേഖലയിലെ പമ്പിംഗ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 3ലക്ഷത്തിലധികം ഗാർഹിക കണക്ഷനുകളുണ്ട്. ചിറയിൻകീഴ് വർക്കല താലൂക്കുകളുടെ ഉയർന്ന പ്രദേശങ്ങളില്‍ പൈപ്പ്‌ലൈൻ വഴി യഥാസമയം വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ ജലവിതരണം തടസ്സപ്പെട്ടേക്കും.
