വർക്കല: ശ്രീനാരായണ ഗുരുകുലം അധ്യക്ഷനും പ്രമുഖ ദാർശനികനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് (88) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 3.55-ഓടെ വർക്കല നാരായണ ഗുരുകുലത്തിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ വൈകിട്ട്
ആധ്യാത്മിക-സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2024-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.
1938 ഡിസംബർ ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന് സമീപമുള്ള നഗരൂരിലാണ് അദ്ദേഹം ജനിച്ചത്. സ്കൂൾ അധ്യാപകനായിരുന്ന ജി. മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ പേര് എം.എൻ. പ്രസാദ് എന്നായിരുന്നു. എൻജിനീയറിങ് പഠനത്തിന് ശേഷം ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, നടരാജഗുരുവുമായുള്ള ആത്മബന്ധത്തെത്തുടർന്ന് ആധ്യാത്മിക പാതയിലേക്ക് തിരിയുകയായിരുന്നു.
1970-ൽ നടരാജഗുരുവിൽ നിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചതോടെയാണ് മുനി നാരായണ പ്രസാദ് എന്ന നാമം സ്വീകരിച്ചത്. തുടർന്ന് സർക്കാർ ജോലി രാജിവെച്ച് ഗുരുകുല പ്രസ്ഥാനത്തിന്റെ പൂർണ്ണസമയ പ്രവർത്തകനായി. 1985-ൽ ഗുരു നിത്യചൈതന്യയതിയിൽ നിന്നാണ് അദ്ദേഹം സന്ന്യാസദീക്ഷ സ്വീകരിച്ചത്. ഏഴിമലയിൽ നടന്ന ലോക സമാധാന സമ്മേളനം, ശാസ്താംകോട്ടയിലെ ലോക സർവ്വമത സമ്മേളനം എന്നിവയുടെ സംഘാടനത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
ഏതാണ്ട് 16 വർഷത്തോളം 'ഗുരുകുലം' മാസികയുടെ പത്രാധിപരായിരുന്ന അദ്ദേഹം മോസ്കോയിൽ നടന്ന ലോക മതനേതാക്കളുടെ സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
