*ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തു*

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ചരക്കുകപ്പല്‍ അമേരിക്കന്‍ നാവികസേന വെടിവെച്ച് പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ അമേരിക്കന്‍ നാവികസേന നടത്തിയ നീക്കം സായുധ കവര്‍ച്ചയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. സംഭവത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാൻ അറിയിച്ചു. പിന്നാലെ അമേരിക്കയുമായി നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി.

ഒമാന്‍ ഉള്‍ക്കടലില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ചരക്കുകപ്പലിന് നേരെ വെടിയുതിര്‍ത്ത ശേഷം ഹെലികോപ്റ്ററുകള്‍ വഴിയാണ് അമേരിക്കന്‍ സൈന്യം കപ്പലില്‍ ഇറങ്ങിയത്. ഇറാന്റെ പതാകയേന്തിയ 'തൂസ്‌ക' എന്ന ചരക്കുകപ്പലാണ് അമേരിക്കന്‍ ഡിസ്‌ട്രോയറായ യു.എസ്.എസ് സ്പ്രൂവന്‍സ് ആക്രമിച്ചത്. തുടർച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്ന് കപ്പലിന്റെ എന്‍ജിന്‍ റൂമിലേക്ക് നാവികസേന വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ മറീനുകള്‍ കപ്പലില്‍ കയറി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് വരികയായിരുന്ന വാണിജ്യ കപ്പലിനെയാണ് അമേരിക്ക ആക്രമിച്ചതെന്ന് ഇറാൻ പ്രതികരിച്ചു