തോറ്റു പിന്മാറിയവളല്ല, പോരാടി ജയിച്ചവൾ; വിവാഹമോചിതയായി മടങ്ങിയെത്തിയ മകൾക്ക് രാജകീയ വരവേൽപ്പ് നൽകി ഒരു അച്ഛൻ!

വിവാഹമോചനം എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് സമാധാനമില്ലാത്ത ഒരിടത്തുനിന്നുള്ള മനോഹരമായ മോചനമാണെന്ന് ഈ അച്ഛൻ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. മീററ്റിലെ ശാസ്ത്രി നഗറിൽ നിന്നുള്ള ഈ കാഴ്ച ഇന്ന് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്.

ആറു വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ കോടതി വിവാഹമോചനം അനുവദിച്ചപ്പോൾ, തന്റെ മകൾ പ്രതീകയെ സങ്കടത്തോടെയല്ല, മറിച്ച് വാദ്യമേളങ്ങളുടെയും പൂമഴയുടെയും അകമ്പടിയോടെയാണ് മുൻ ജഡ്ജി കൂടിയായ ആ പിതാവ് വീട്ടിലേക്ക് സ്വീകരിച്ചത്. "എന്റെ മകളെ ഞാൻ സ്നേഹിക്കുന്നു" എന്ന് അച്ഛൻ നെഞ്ചോട് ചേർത്തുവെച്ച വാക്കുകൾ ഓരോ പെൺമക്കൾക്കും നൽകുന്ന കരുത്ത് ചെറുതല്ല.

2018-ൽ വിവാഹിതയായ പ്രതീകയ്ക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളായിരുന്നു. ഒടുവിൽ ആ ബന്ധം ഉപേക്ഷിച്ചു മടങ്ങാൻ തീരുമാനിച്ചപ്പോൾ തണലായി നിന്നത് സ്വന്തം കുടുംബമാണ്. "വിവാഹജീവിതത്തിൽ മകൾ സന്തോഷവതിയല്ലെങ്കിൽ അവളെ അവിടെ നരകിക്കാൻ വിടരുത്. അവൾ ഞങ്ങൾക്ക് മകനെപ്പോലെയാണ്, അവളുടെ പുതിയ ജീവിതത്തിന്റെ തുടക്കം ഞങ്ങൾ ആഘോഷമാക്കുകയാണ്" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ മാറുന്ന കാലത്തിന്റെ അടയാളമാണ്.

വിവാഹമോചനം നേടിയ സ്ത്രീയെ സഹതാപത്തോടെ നോക്കുന്ന സമൂഹത്തിന് മുന്നിൽ, അഭിമാനത്തോടെ മകളെ ചേർത്തുപിടിച്ച ഈ അച്ഛൻ ശരിക്കും ഒരു ഹീറോ തന്നെയാണ്!