കൊല്ലത്ത് ഗുണ്ടാ അസോസിയേഷന്‍ ഓഫീസ് തുറക്കാന്‍ യോഗം ചേര്‍ന്നു.പിന്നാലെ കേസെടുത്ത് പൊലീസ്. ജോനകപുറം സ്വദേശി നൗഫല്‍ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠന്‍ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കല്‍ സ്വദേശി ഷെറിന്‍ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീന്‍ (53) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബിഎന്‍എസ് സെക്ഷന്‍ 192 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

കൊല്ലം ശാരദാ മഠത്തിന് സമീപം 'ഗുണ്ടാ അസോസിയേഷന്‍' ഓഫീസ് തുറക്കുന്നുവെന്ന വ്യാജേന വീഡിയോകള്‍ ചിത്രീകരിക്കുകയും റോഡില്‍ ഉച്ചത്തില്‍ പാട്ട് വച്ച് നൃത്തം ചെയ്യുകയും ചെയ്തു. സമൂഹത്തില്‍ പ്രകോപനവും ഭീതിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഗുണ്ടകള്‍ തന്നെയാണ് പുറത്തുവിട്ടത്. ഇത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. കൊല്ലത്ത് ഗുണ്ടാ അസോസിയേഷന്‍ രൂപീകരിച്ച് വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ അംഗങ്ങളാക്കാനായിരുന്നു ലക്ഷ്യം.