ക്ലാസ് മുറിയിൽ ആ സീറ്റ് ഇനി എന്നും ഒഴിവ്; പരീക്ഷാ ഹാൾ ധനുഷിനെ കാത്തിരുന്നു, പക്ഷേ അവൻ യാത്രയായത് തിരിച്ചു വരാത്ത ലോകത്തേക്ക്!

പരീക്ഷാ ഹാളിലെ തിരക്കുകൾക്കിടയിലും ഒഴിഞ്ഞുകിടന്ന ആ സീറ്റ് സഹപാഠികളുടെയും അധ്യാപകരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർഥി ധനുഷിന്റെ വേർപാട് വിശ്വസിക്കാനാവാതെ തളർന്നിരിക്കുകയാണ് ക്യാമ്പസ്.

ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ അധ്യാപകർ നിർദ്ദേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ ധനുഷിനായി ക്ലാസ് മുറി കാത്തിരുന്നു, അധ്യാപിക പലതവണ ഫോണിൽ വിളിച്ചു. എന്നാൽ മറുതലയ്ക്കൽ മൗനമായിരുന്നു ഫലം. ഒടുവിൽ സഹപാഠികൾ താമസസ്ഥലത്തെത്തി മുറി തുറന്നപ്പോൾ കണ്ടത് ആർക്കും താങ്ങാനാവാത്ത കാഴ്ചയാണ്. ആലപ്പുഴ കുമാരപുരം സ്വദേശിയായ ധനുഷ് മുറിയിലെ ജനലഴിയിൽ തന്റെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.

ഒരു നിമിഷത്തെ സങ്കടത്തിലോ ആശങ്കയിലോ എടുത്ത ആ തീരുമാനം ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെയാണ്. പരീക്ഷകളുടെയും മാർക്കുകളുടെയും ഇടയിൽ സ്വന്തം ജീവിതം പണയം വെക്കുന്ന പുതുതലമുറയ്ക്ക് ഈ വിയോഗം നൊമ്പരത്തോടൊപ്പം വലിയൊരു ചോദ്യചിഹ്നവുമാകുന്നു. പ്രിയപ്പെട്ട ധനുഷിന് കണ്ണീരോടെ വിട...