ശ്രീകാര്യത്ത് നിർമ്മാണം നടന്നുവരുന്ന സ്വകാര്യ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

ശ്രീകാര്യം: നിർമ്മാണം നടന്നുവരുന്ന സ്വകാര്യ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ 
കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ 
ആറ്റിങ്ങൽ വേളാർകുടി മൂഴിനട സജിത്ത് ഭവനിൽ ഭാസ്കരൻ (68) ആണ് മ_രി_ച്ച_ത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പോലീസ് അറിയിച്ചു. ശ്രീകാര്യം കരിയം മാർക്കറ്റിന് സമീപം വർഷങ്ങളായി നിർമ്മാണം നടന്നു വരുന്ന ഫ്ലാറ്റിലെ ജീവനക്കാരനാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസമായി ഭാസ്കരനെക്കുറിച്ച് വിവരമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എല്ലാദിവസവും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വിളിക്കാറുള്ള ഇദ്ദേഹത്തെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെ പുരയിടത്തിന് സമീപത്തുകൂടി പോയ തൊഴിലാളികളാണ് കിണറ്റിൽ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും ശ്രീകാര്യം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൃഷി ആവശ്യത്തിനായി നിർമ്മിച്ച കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വർഷങ്ങളായി നിർമ്മാണം മുടങ്ങിക്കിടക്കുന്ന ഈ ഫ്ലാറ്റിൽ മുൻപും നിർമ്മാണത്തിനിടെ തൊഴിലാളി വീണ് മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.