ഒരു സ്വപ്നം ബാക്കിയാക്കി നിധിൻ മടങ്ങി; മരണത്തിന് പിന്നിൽ ജാതി അധിക്ഷേപമോ?

സ്വന്തമായി ഒരു വീടുപോലുമില്ലാതെ വാടകവീട്ടിൽ താമസിച്ച്, കഷ്ടപ്പെട്ട് പഠിച്ച് എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിധിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി കോളേജിൽ ബിഡിഎസിന് ചേർന്നത്. ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അവൻ. എന്നാൽ കോളേജിലെത്തിയ നാൾ മുതൽ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനങ്ങളാണെന്ന് കുടുംബം ആരോപിക്കുന്നു.

കോളേജിലെ ഒരു വിഭാഗം വിദ്യാർത്ഥികളും വകുപ്പ് മേധാവിയും നിധിനെ ജാതീയമായി അധിക്ഷേപിച്ചിരുന്നതായും 'പുഴുത്ത പട്ടി' എന്ന് പോലും വിളിച്ച് ആക്ഷേപിച്ചിരുന്നതായും പിതാവ് പറയുന്നു. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും നിരന്തരം പരിഹാസങ്ങൾ ഏൽക്കേണ്ടി വന്ന നിധിൻ ആഴ്ചകളോളം കോളേജിൽ പോകാതെ വീട്ടിൽ നിന്നിരുന്നു. പിന്നീട് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് തിരികെ പോയത്.

നാട്ടിലേക്ക് വരാനായി ട്രെയിൻ ടിക്കറ്റ് വരെ ബുക്ക് ചെയ്ത നിധിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ ആരോ മനപ്പൂർവ്വം കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്നും കുടുംബം വിശ്വസിക്കുന്നു. ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കിവിടെ വിലയില്ലേ? ജാതിയും നിറവും നോക്കി ഇനിയും എത്ര പേരുടെ ജീവിതം ഹോമിക്കപ്പെടണം?

നീതി നിഷേധിക്കപ്പെട്ട നിധിൻ രാജിന് വേണ്ടി നമുക്ക് ശബ്ദമുയർത്താം.